തെന്നിന്ത്യയിൽ വളരെ ചുരുക്കം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടനാണ് അശോക് സെൽവൻ. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അശോക് സെൽവൻ സാന്നിദ്ധ്യം അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താരം നടി കീർത്തി പാണ്ഡ്യനെ വിവാഹം കഴിച്ചത്. തിരുനൽവേലിയിൽ വെച്ച് വളരെ ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങൾക്ക് നിരവധി മോശം കമന്റുകൾ വന്നിരുന്നു. ഈ കമന്റുകളോട് പ്രതികരിച്ച് അശോക് സെൽവനും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മോശം കമന്റുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കീർത്തി പാണ്ഡ്യനും. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് താരം ഈ വിഷയത്തോട് പ്രതികരിച്ചിരിക്കുന്നത്. ‘ചിത്രങ്ങൾക്ക് ചുവടെ വന്ന കമന്റുകൾ പലതും വായിച്ചപ്പോൾ അവരോട് സഹതാപമാണ് തോന്നിയത്. എന്നാൽ എന്റെ നിറത്തെ പറ്റി മോശമായി കമന്റുകൾ ഇട്ടവർക്കെതിരെ എന്നെ സപ്പോർട്ട് ചെയ്യുന്നവർ എത്തിയപ്പോൾ സന്തോഷം തോന്നി. ഒപ്പം നെഗറ്റീവ് കമന്റ് എഴുതിയവർക്ക് അവർ നൽകിയ മറുപടികൾ താങ്ങാനുള്ള ശക്തി നൽകണേ എന്നും പ്രാർത്ഥിച്ചു’.
സിനിമ ലോകത്തെ അധികം ഗോസിപ്പുകളിലൊന്നും ഇടംപിടിച്ചിട്ടില്ലാത്ത താരങ്ങളാണ് കീർത്തിയും അശോക് സെൽവനും. പല അഭിമുഖങ്ങളിലും തന്റെ സ്വകാര്യ ജീവിതത്തെ പറ്റിയുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒഴിഞ്ഞ് മാറുകയും സിനിമ വിഷയങ്ങളെ കുറിച്ച് സംസാരിക്കാനുമാണ് അശോക് സെൽവൻ താത്പര്യം കാണിക്കാറുള്ളത്.
അതുകൊണ്ടു തന്നെ ഇരുവരുടെയും പ്രണയവും വിവാഹവും ആരാധകർ വളരെ സർപ്രൈസായിട്ടാണ് അറിഞ്ഞത്. പത്ത് വർഷത്തോളം പ്രണയത്തിലായിരുന്നു എന്ന വാർത്തപോലും വിവാഹ ശേഷമാണ് താരങ്ങൾ ആരാധകരോട് പങ്കുവെച്ചത്. തമിഴ് നടൻ അരുൺ പാണ്ഡ്യന്റെ മകളാണ് കീർത്തി.