2001 ഏപ്രിലിൽ, എല്ലാ മുൻനിര ഇന്ത്യൻ പത്രങ്ങളുടെ ഒന്നാം പേജിലും ഒരു ചിത്രമുണ്ടായിരുന്നു . കൈകാലുകൾ തൂങ്ങിക്കിടക്കുന്ന ഒരു ഇന്ത്യൻ സൈനികന്റെ മൃതദേഹം വഹിക്കുന്ന ബംഗ്ലാദേശി ഗ്രാമീണരുടെ ഫോട്ടോയായിരുന്നു അത് . അതിർത്തിയിലെ ഏറ്റുമുട്ടലിൽ ബംഗ്ലാദേശ് റൈഫിൾസ് സേനാംഗങ്ങൾ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത 16 അതിർത്തി സുരക്ഷാ സേനാ സൈനികരിൽ ഒരാളായിരുന്നു ആ ഇന്ത്യൻ സൈനികൻ .
ഒരു യുവ ആണവോർജ്ജ ശക്തിയായ ഇന്ത്യ അന്ന് ചെറിയ രാജ്യമായ , ബംഗ്ലാദേശിനെതിരെ പോലും പ്രവർത്തിക്കുന്നതിൽ പരാജയപ്പെടുകയും നേരിട്ട അപമാനത്തിന് സൗമ്യമായ അപലപനത്തിലൂടെ മറുപടി നൽകുകയും ചെയ്യുന്നത് മുഴുവൻ രാഷ്‌ട്രവും നിസ്സഹായതയോടെ നോക്കിനിന്നു.
ഓരോ ഭീകരാക്രമണത്തിനു ശേഷവും ആ നിസ്സഹായത ഇന്ത്യയുടെ മുഖമുദ്രയായി മാറുകയായിരുന്നു . 26/11 മുംബൈ ആക്രമണം നടന്നിട്ടും തിരിച്ചടിക്കാൻ ശ്രമിക്കാതെ പാകിസ്താൻ സ്‌പോൺസർ ചെയ്യുന്ന ഭീകരരുടെ രേഖകൾ യുഎന്നിലേക്കടക്കം അയച്ചുകൊണ്ടിരുന്നു. പാകിസ്താന് കിട്ടിയ രേഖകളാകട്ടെ അവർ കടലാസ് ബോളുകളാക്കി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു.
എന്നാൽ ഇന്ന് ഇന്ത്യ തേടുന്ന ഭീകരർ പലരും അജ്ഞാതരാൽ കൊല്ലപ്പെടുമ്പോൾ , ഓരോ ഭീകരാക്രമണത്തിനും കണക്ക്പറഞ്ഞ് മറുപടി നൽകുമ്പോൾ ഇത് പുതിയ ഇന്ത്യയാണെന്ന് വിദേശമാദ്ധ്യമങ്ങളടക്കം വിധിയെഴുതുന്നു .ഇന്ന് ഇന്ത്യയെ ലോകം കാണുന്നത് ഒരു ‘ഹാർഡ് സ്റ്റേറ്റ്’ ആയിട്ടാണ് . അതിശയകരമായ ശക്തിയോടെ ശത്രുവിന് മടിക്കാതെ തിരിച്ചടി നൽകുന്ന വളർന്നുവരുന്ന സൂപ്പർ പവർ.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെ സിദ്ധാന്തത്തിന്റെ ഉപോൽപ്പന്നമാണ് പുതിയ ‘ഹാർഡ് സ്റ്റേറ്റ്’ ലേബൽ. നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദത്തിന്റെ തുടക്കം മുതൽ, ശത്രുരാജ്യങ്ങൾക്ക് ലഭിക്കുന്ന അപ്രതീക്ഷിത തിരിച്ചടികൾ രാജ്യം കണ്ടു. നാഗാ തീവ്രവാദികൾക്കെതിരായ 2015 ലെ മ്യാൻമർ അതിർത്തി കടന്നുള്ള ഓപ്പറേഷൻ, 2016 ലെ ഉറി ആക്രമണത്തിന് ശേഷമുള്ള നിയന്ത്രണ രേഖ കടന്ന് നടന്ന സർജിക്കൽ സ്‌ട്രൈക്ക്, പുൽവാമ ഭീകരാക്രമണത്തിന് ശേഷം 2019 ലെ ബാലാകോട്ട് വ്യോമാക്രമണം എന്നിവ ഇന്ത്യയുടെ മുൻ നയത്തിൽ നിന്നുള്ള നാടകീയമായ വ്യതിചലനമായിരുന്നു.
ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷാ കാര്യങ്ങളിൽ പ്രവചനാതീതമായ നിഷ്ക്രിയത്വം ഉപേക്ഷിച്ച് പ്രവചനാതീതമായ പ്രവർത്തന തന്ത്രമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. പ്രവചനാതീതമായ ശക്തിയോടും സമയക്രമത്തോടും കൂടി ശത്രുവിന്റെ പ്രവർത്തനത്തോട് പ്രതികരിക്കുമ്പോൾ, അടുത്ത ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് എതിരാളി പത്ത് തവണ ചിന്തിക്കേണ്ടി വരുന്നുണ്ട് .
2019 മുതൽ, പ്രത്യേകിച്ച് കഴിഞ്ഞ 24 മാസങ്ങൾക്കുള്ളിൽ, ഇന്ത്യയുടെ ഒരു ഡസനിലധികം ശത്രുക്കൾ വിദേശത്തുള്ള അവരുടെ സുരക്ഷിത താവളങ്ങളിൽ കൊല്ലപ്പെട്ടു. അതോടെ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിനെ പോലെയുള്ള ദൗത്യത്തിന് ഇന്ത്യ തുടക്കമിട്ടിട്ടുണ്ടോ എന്നാണ് ചിലരുടെ സംശയം. അടുത്തിടെ പാകിസ്താനിൽ നടന്ന സ്ഫോടനങ്ങളിൽ പോലും ഇന്ത്യൻ ചാരസംഘടനയായ ‘ റോ‘ യെയാണ് പാകിസ്താൻ സംശയിക്കുന്നത് .
വെറും 90 ലക്ഷം ജനങ്ങള്‍ മാത്രം വസിക്കുന്ന ഒരു ചെറു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് എത്തിപ്പെടാത്ത ഒരിടവും ലോകത്തില്ല എന്നതാണ് പലപ്പോഴും അത്ഭുതകരമായി തോന്നുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യ തേടുന്ന ഭീകരർ കൊല്ലപ്പെടുമ്പോൾ പലരും മൊസാദിനോട് സാമ്യപ്പെടുത്തുകയാണ് റോ‘ യേയും.
എല്ലാ തരത്തിലുള്ള രാഷ്‌ട്രീയ ഇടപെടലുകള്‍ക്ക് അതീതമാണ് മൊസാദ് . പ്രധാനമന്ത്രിയോട് മാത്രമാണ് മൊസാദിന്റെ ഡയറക്ടര്‍ക്ക് നേരിട്ട് മറുപടി പറയാന്‍ ബാധ്യതയുള്ളത്. മൊസാദിന് കീഴില്‍ ഏഴായിരത്തോളം പേരാണ് നേരിട്ട് ജോലി ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2.73 ബില്യണ്‍ ഡോളര്‍ ആണ് മൊസാദിന്റെ ശരാശരി പ്രതിവര്‍ഷ ബജറ്റ്. ഇത് ഓഡിറ്റിങ്ങിന് വിധേയമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാരസംഘടനകളില്‍ ഒന്നായി മൊസാദിനെ നിലനിര്‍ത്തുന്നതും ഇത് തന്നെ
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുമായി അടുത്ത ബന്ധമാണ് മൊസാദിനുള്ളത്. 1984 ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ സ്‌പെഷ്യല്‍ ഗ്രൂപ്പ് കമാന്‍ഡോകളെ പരിശീലിപ്പിച്ചത് മൊസാദ് ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.മൊസാദിന്റെ പ്രതികാരങ്ങളില്‍ ഏറ്റവും അധികം വാഴ്‌ത്തപ്പെട്ടത് മ്യൂണിക്ക് കൂട്ടക്കൊലയ്‌ക്കുള്ള പ്രതികാരം ആയിരുന്നു. 1972 ലെ സമ്മര്‍ ഒളിംപിക്‌സ് നടന്നത് പശ്ചിമ ജര്‍മനിയിലെ മ്യൂണിക്കില്‍ വച്ചായിരുന്നു.
ഇസ്രായേല്‍- പലസ്തീന്‍ പ്രശ്‌നം കത്തിനിന്നിരുന്ന കാലം. പലസ്തീന്‍ തീവ്രവാദ സംഘമായ ‘ബ്ലാക്ക് സെപ്തംബര്‍’ ഇസ്രായേല്‍ ഒളിംപിക് സംഘത്തിലെ ഒമ്പത് പേരെ ബന്ദിയാക്കുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തു. 234 പലസ്തീന്‍ തടവുകാരെ വിട്ടയക്കണം എന്നതായിരുന്നു ബ്ലാക്ക് സെപ്തംബറിന്റെ ആവശ്യം. എന്നാല്‍ അതിന് ഇസ്രായേല്‍ തയ്യാറായിരുന്നില്ല. കമാന്‍ഡോ ഓപ്പറേഷനിലൂടെ ബന്ദികളെ മോചിപ്പിക്കാന്‍ ആയിരുന്നു ഇസ്രായേല്‍ തീരുമാനം. പക്ഷേ, ആ ഓപ്പറേഷന്‍ പരാജയപ്പെട്ടു. ഒമ്പത് ഇസ്രായേല്‍ ബന്ദികളും കൊല്ലപ്പെട്ടു.
ബ്ലാക്ക് സെപ്തംബര്‍ സംഘത്തിലെ അഞ്ച് പേരെ വധിക്കുകയും മൂന്ന് പേരെ പിടികൂടുകയും ചെയ്തു.എന്നാല്‍ അതുകൊണ്ട് ഇസ്രായേലിന്റെ പ്രതികാരം അവസാനിച്ചില്ല. ആ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരേയും കണ്ടെത്തി കൊലപ്പെടുത്താന്‍ ഇസ്രായേല്‍ തീരുമാനിക്കുകയായിരുന്നു. അതിന് മൊസാദിനെ ചുമതലപ്പെടുത്തി.
‘ഓപ്പറേഷന്‍ റാത്ത് ഓഫ് ഗോഡ്’ എന്നായിരുന്നു ആ ഓപ്പറേഷന് പേര് നല്‍കിയത്- ദൈവത്തിന്റെ ഉഗ്രകോപം! ഓപ്പറേഷന്‍ ബയനെറ്റ് എന്നും അത് അറിയപ്പെടുന്നു. ഏതാണ്ട് 20 വര്‍ഷമെടുത്തു, മ്യൂണിക്ക് കൂട്ടക്കൊലയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിന്തുടര്‍ന്ന് കൊലപ്പെടുത്താന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മുതല്‍ 35 പേരാണ് ഇത്തരത്തില്‍ മൊസാദിനാല്‍ കൊല ചെയ്യപ്പെട്ടത്.