തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന് പുറമെ സംസ്ഥാനത്തെ അദ്ധ്യാപക വിദ്യാഭ്യാസത്തിലും മാറ്റം വരുന്നു. നിലവിലുള്ള ഡിഎൽഎഡ്, ബിഎഡ് കോഴ്‌സുകൾ ഒഴിവാക്കി സംയോജിത ബിരുദം നടപ്പാക്കാനാണ് പദ്ധതി. കേന്ദ്ര നിർദ്ദേശമനുസരിച്ച് അദ്ധ്യാപകരാവാനുള്ള കുറഞ്ഞ യോഗ്യത ബിരുദമാക്കും. അദ്ധ്യാപക ബിരുദ പ്രവേശത്തിന് കേരളത്തിൽ പ്രത്യേകം അഭിരുചി പരീക്ഷയും ഏർപ്പെടും. അദ്ധ്യാപകവൃത്തിയിൽ താത്പര്യമുള്ളവരാണ് വരുന്നതെന്ന് ഉറപ്പാക്കാനാണ് ഇത്. അദ്ധ്യാപക വിദ്യാഭ്യാസം സംബന്ധിച്ച റിപ്പോർട്ട് എസ്സിഇആർടി ഉടൻ സർക്കാരിന് സമർപ്പിക്കും.
അദ്ധ്യാപകബിരുദം നാലുവർഷ കോഴ്സാക്കി സംയോജിത അദ്ധ്യാപക വിദ്യാഭ്യാസപരിപാടി നടപ്പാക്കാനാണ് കേന്ദ്രനിർദ്ദേശം. സ്‌കൂൾ വിദ്യാഭ്യാസം 5+3+3+4 എന്ന ഘടനയിലാക്കണമെന്നും നിർദേശമുണ്ട്. ബിഎ-ബിഎഡ്, ബിഎസ്‌സി-ബിഎഡ്, ബി.കോം-ബിഎസ് എന്നിങ്ങനെ മൂന്ന് തരം കോഴ്‌സ് വേണമെന്നും കേന്ദ്ര നിർദ്ദേശത്തിലുണ്ട്. എട്ട് സെമസ്റ്റർ ഉൾപ്പെടെ നാല് വർഷ ബിരുദം, ഒരു സെമസ്റ്ററിൽ കുറഞ്ഞത് 96 പ്രവൃത്തിദിനമാകും ഉണ്ടാവുക. ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നീ നാല് ഘട്ടങ്ങളിലും വെവ്വേറെ കോഴ്‌സുകൾ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നു.
നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ ഡിഎൽഎഡ്, ബിഎഡ് കോഴ്‌സുകൾ ഇല്ലാതാകും. സർക്കാരിന്റെ നാലെണ്ണമടക്കം 187 ബിഎഡ് സ്ഥാപനങ്ങളും 202 ഡിഎൽഎഡ് കേന്ദ്രങ്ങളുമാണ് അടച്ചുപൂട്ടുക. ബിഎഡ് പഠനത്തിന് മാത്രമായി സ്ഥാപനങ്ങൾ പാടില്ലെന്നും എന്നാൽ ബഹുതല വിഷയങ്ങൾ പഠിപ്പിക്കുന്ന കേന്ദ്രമായി മാറ്റാനാണ് നിർദ്ദേശം. ബിഎഡ് കേന്ദ്രങ്ങൾ മറ്റ് കോളേജുകളുമായി ലയിപ്പിക്കും. അല്ലാത്തവ പൂട്ടേണ്ടി വരും.