ലക്‌നൗ: ഉത്തർപ്രദേശിൽ നിന്നും മസ്തികജ്വരം പൂർണമായി തുടച്ചു നീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ സംസ്ഥാനത്തിൽ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിആർഡി മെഡിക്കൽ കോളേജിൽ പകർച്ചവ്യാധി നിയന്ത്രണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഡെങ്കിപ്പനി, മലേറിയ, മസ്തികജ്വരം, ചിക്കൻഗുനിയ തുടങ്ങിയ സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ 2017 മുതൽ പ്രത്യേക ക്യാമ്പയിനുകൾ നടത്തിവരുന്നുണ്ട്. കഴിഞ്ഞ ആറു വർഷമായി ഈ ക്യാമ്പയിനുകൾ ആളുകൾക്ക് ഫലപ്രദമായിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഒക്ടോബർ 31 വരെ നീളുന്ന ക്യാമ്പയിന്റെ ജനജാഗ്രതാ പ്രചാരണ വാഹനങ്ങൾ ഫ്‌ലാഗ്ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച രണ്ട് ആശാ പ്രവർത്തകരെയും രണ്ട് അംഗനവാടി പ്രവർത്തകരെയും ആദരിച്ചു. ആയുഷ്മാൻ യോജനയുടെ നാല് ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ കാർഡുകളും അദ്ദേഹം നൽകി. ഒക്ടോബർ 16 മുതൽ 31 വരെ ‘ദസ്തക് അഭിയാന്റെ’ ഭാഗമായി ആശാ പ്രവർത്തകർ എല്ലാ വീടുകളിലും കയറി രോഗികളെ കണ്ടെത്തുമെന്നും അവർക്ക് ഉചിതമായ ചികിത്സ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.















