ലോകത്തിലെ ഏറ്റവും കൂടിയ നദി ഏതാണ്? എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയും ഗിന്നസ് വേൾഡ് റെക്കോർഡും അനുസരിച്ച് ആഫ്രിക്കയിലെ നൈൽ നദിയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി. 6,650 കിലോമീറ്ററിലാണ് നദി നീണ്ട് കിടക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ നദി ആമസോൺ നദിയാണ്. ഏറ്റവും നീളം കൂടിയ നദിക്ക് വെല്ലുവിളിയാകുകയാണ് ഏറ്റവും വലിയ നദി.
നമ്മുടെ പല ധാരണകളെയും മാറ്റി മറിക്കുന്ന പര്യവേക്ഷണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. 2024 ഏപ്രിലിൽ ആമസോൺ നദിയിൽ അന്താരാഷ്‌ട്ര ഗവേഷകരും പര്യവേക്ഷകരും പഠനം നടത്തും. ഗവേഷക സംഘം 7,000 കിലോമീറ്ററോളം ദൂരമാകും യാത്ര ചെയ്യുക. നൈൽ നദിയെ ഒരു പുഴുവിനോട് ഉപമിച്ചാൽ ആമസോൺ നദി അനക്കോണ്ടയാണെന്നും അത്രമാത്രം രഹസ്യങ്ങളാണ് പുറത്തുവരാനുള്ളതെന്നും ബ്രസീലിയൻ പര്യവേക്ഷണ ഗവേഷകനായ യൂറി സനദ പറഞ്ഞു. നൈൽ നദിയിലേക്കാൾ നാലിരിട്ടി വെള്ളമാണ് ആമസോൺ നദി വഹിക്കുന്നതെന്നും അതുകൊണ്ട് തന്നെ ലോകത്തിലെ നീളം കൂടിയ നദി ഏതെന്ന ചോദ്യത്തിനായുള്ള ഉത്തരം കണ്ടെത്താൻ കൂടുതൽ പര്യവേക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആമസോൺ നദിയുടെ ഉത്ഭവം സംബന്ധിച്ച് ലോകത്ത് ഇന്നും തർക്കം നിലനിൽക്കുന്നു. തെക്കൻ പെറുവിലെ അപുരിമാക് നദിയുടെ ഉത്ഭവസ്ഥാനത്തെ നദിയാണ് ഇതിന്റെ തുടക്കമെന്നാണ് പരമ്പരാഗതമായി ഗവേഷകർ വിശ്വസിക്കുന്നത്. എന്നാൽ ചില ശാസ്ത്രജ്ഞർ ഈ സിദ്ധാന്തത്തെ എതിർക്കുന്നവരാണ്. വടക്കൻ പെറുവിലെ മാന്താരോ നദിയുടെ വിദൂരത്താണ് ഇതിന്റെ ഉറവിടമെന്നാണ് ചിലർ അവകാശപ്പെടുന്നത്. മാപ്പുകൾ, ഹൈഡ്രോഗ്രാഫുകൾ മുതലായവ ശേഖരിക്കുമ്പോൾ മറ്റൊരു നദി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. ഇതിന്റെ വസ്തുതകളിലേക്കാണ് ശാസ്ത്രലോകം പര്യവേക്ഷണം നടത്തുന്നത്.
പെറു, കൊളംബിയ, ബ്രസീൽ എന്നിവിടങ്ങളിലൂടെ ആമസോൺ നദിയുടെ ഗതി പിന്തുടരുന്നതാണ് ആസൂത്രിത പര്യവേഷണം. പെറുവിയൻ ആൻഡീസിൽ പുതുതായി കണ്ടെത്തിയ സ്രോതസ്സായ മാന്റാരോ നദിയിൽ നിന്നാണ് ദൗത്യം ആരംഭിക്കുക. ചങ്ങാടത്തിൽ മാന്താരോയുടെ റാപ്പിഡുകൾ നാവിഗേറ്റ് ചെയ്യുന്നതാണ് ആദ്യ ഘട്ടം. എനെ നദിയുടെ സംഗമസ്ഥാനത്ത് എത്തുന്നതോടെ ബ്രസീൽ തീരത്ത് അറ്റ്‌ലാൻഡിക് സമുദ്രത്തിലേക്കുള്ള ആമസോണിന്റെ പാത പിന്തുടരുന്ന സോളാർ, പെഡൽ എന്നിവയിൽ പ്രവർത്തിക്കുന്ന മൂന്ന് ബോട്ടുകളിൽ സംഘം യാത്ര തുടരും. തുടർന്ന് 2025-ന്റെ തുടക്കത്തിൽ ആമസോണിന്റെ പരമ്പരാഗത ഉറവിടമായ പെറുവിലെ അപുരിമാക് നദിയിൽ നിന്ന് മറ്റൊരു സംഘം പര്യവേഷണം ആരംഭിക്കും. പ്രശസ്ത സമുദ്രശാസ്ത്രജ്ഞനായ ജാക്വസ് കൂസ്റ്റോയുടെ ചെറുമകൾ ഫ്രഞ്ച് പര്യവേക്ഷകൻ സെലിൻ കൂസ്റ്റോയുടെ നേതൃത്വത്തിലാകും സുപ്രധാന പര്യവേക്ഷണം നടത്തുക.















