വ്യത്യസ്ത സവിശേഷതകളുള്ള നിരവധി മരങ്ങളാണ് നമ്മുടെ ചുറ്റുപാടുമുള്ളത്. ചില മരങ്ങൾക്ക് നിരവധി ഗുണങ്ങളാണുള്ളതെങ്കിൽ ചില മരങ്ങൾ അപകട കാരികളാണ്. അത്തരത്തിൽ അപകടകാരിയാണ് ചാര് എന്നും ചേര് എന്നും വിളിക്കുന്ന വൃക്ഷം. അറിയാതെ ഈ വൃക്ഷവുമായി സംസര്ഗത്തിന് ഇടവന്നാല്‍ ഉടലാകെ പൊള്ളും. സഹിക്കാൻ കഴിയാത്ത ചുട്ടുനീറ്റലും അനുഭവപ്പെടും.
ചാര് എന്നും ചേര് എന്നും വിളിക്കുന്ന ഈ മരം ‘അനാർകടി യെസി’ എന്ന സസ്യ കുടുംബത്തിൽപ്പെട്ടതാണ്. ഇവയിൽ തൊട്ടാൽ തന്നെ ചൊറിച്ചിൽ വരാനുള്ള സാധ്യത ഏറെയാണ്. സംസ്കൃതത്തിൽ ഇതിനെ ദല്ലാദകം, അഗ്നിമുഖി എന്നും വിളിക്കാറുണ്ട്. അലർജി മൂലം തൊലിപ്പുറത്തു കുമിളകൾ വന്നു പൊട്ടുന്നതിനാലാണ് അഗ്നിമുഖി എന്നു വിളിക്കുന്നത്. ഇതിന്റെ കറയിൽ നിന്നുമാണ് അലർജി ഉണ്ടാകുന്നത്.

ഇത്തരത്തിലെ അലർജിയിൽ നിന്നും മുക്തി നേടുന്നതിനായി മറ്റൊരു മരത്തെയാണ് പഴമക്കാർ ഉപയോഗിക്കുന്നത്. ചാരിനെ പ്രതിരോധിക്കാന്‍ താന്നി മരത്തെയാണ് ആശ്രയിക്കേണ്ടത്. ചാരു കൊണ്ട് പൊള്ളിയവര്‍ താന്നി മരത്തെ തൊട്ട് വലം വെച്ചാല്‍ ചാരിൽ നിന്നും ഉണ്ടാകുന്ന അലർജിയിൽ നിന്നും സുഖം പ്രാപിക്കാം. ചാരച്ഛന്‍ കോപിച്ചത് താന്നിച്ഛന്‍ പൊറുത്തോളും എന്ന് പഴമക്കാര്‍ ഇതിനെ ചൊല്ലായി പറയാറുണ്ട്.















