തിരുവനന്തപുരം: ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. കന്നുകാലിയിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. രോഗം പകരാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
രോഗബാധ സ്ഥിരീകരിച്ച ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ കന്നുകാലികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനുള്ള തീരുമാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. കൂടുതൽ പേർക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്.
കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ മരണത്തിനിടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്. ഇതിന് മുമ്പും ബ്രൂസെല്ലോസിസ് കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിൽ കൊല്ലം ജില്ലയിലെ കടയ്‌ക്കലിൽ ഏഴ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.















