വിനോദ സഞ്ചാരികളുടെ പറുദീസയാണ് തായ്‌ലൻഡ്. കുറഞ്ഞ ചെലവിലും എളുപ്പത്തിലും എത്താൻ കഴിയുന്ന സ്ഥലമായതിനാൽ ഇന്ത്യക്കാർക്ക് തായ്‌ലൻഡിനോട് എന്നും പ്രത്യേക താത്പര്യമാണ്. വിനോദസഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ഈ അവസരത്തിൽ യാത്രക്കാർക്ക് സമ്മാനവുമായെത്തുകയാണ് തായ്‌ലൻഡ്.
ഇന്ത്യൻ യാത്രക്കാർക്ക് സ്റ്റിക്കർ വിസ, വിസ-ഓൺ-അറൈവൽ, ഇ-വിസ എന്നീ ഓപ്ഷനുകളിലൂടെ തായ്‌ലൻഡിലെത്താവുന്നതാണ്. എന്നാൽ ഇത്തവണ കിടിലൻ അവസരമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വെറും 2,500 രൂപ മുടക്കിയാൽ തായ്‌ലൻഡിന്റെ മനോഹാരിത അനുഭവിക്കാവുന്നതാണ്. സ്റ്റിക്കർ വിസയാണ് ഈ കിടിലൻ അവസരം നൽകുന്നത്. സിംഗിൾ എൻട്രി വിസയ്‌ക്കാണ് 2,500 രൂപ. തായ്‌ലൻഡിലേക്ക് നൽകുന്ന വിസയിൽ ഏറ്റവും ചെലവ് കുറഞ്ഞതാണിത്. മൾട്ടിപ്പിൾ എൻട്രി വിസയ്‌ക്ക് 12,000 രൂപയുമാണ് ഫീസ്. സൗകര്യവും ചെലവും കണക്കിലെടുക്കുമ്പോൾ യാത്രക്കാർക്ക് ഏറ്റവും പ്രയോജനപ്രദമാണ് സ്റ്റിക്കർ വിസ. ഇ-വിസയ്‌ക്ക് 6,820 രൂപയും വിസ-ഓൺ-അറൈവലിന് 4,500 രൂപയുമാണ് ഫീസ്.
വിനോദസഞ്ചാരികൾക്ക് പ്രവേശന തീയതി മുതൽ മൂന്ന് മാസം വരെ തായ്‌ലൻഡിൽ തങ്ങാനുള്ള അവസരമാണ് സ്റ്റിക്കർ വിസ വഴി നൽകുന്നത്. സിംഗിൾ എൻട്രി വിസകൾക്കാണ് ഈ കാലാവധി ബാധകം. വിസ എൻട്രി ലഭിക്കുന്നതിന് കുറഞ്ഞത് നാല് ദിവസം മാത്രമാകും കാലതാമസം. ഈ കുറഞ്ഞ സമയം കൊണ്ടുതന്നെ ഡോക്യുമെന്റ് വെരിഫിക്കേഷൻ, ആപ്ലിക്കേഷൻ റിവ്യൂ തുടങ്ങിയ നടപടികൾ പൂർത്തിയാക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഓൺലൈൻ അപേക്ഷയ്‌ക്ക്
വിസയ്‌ക്കായി അപേക്ഷിക്കുന്നവർ ഓൺലൈൻ വിസ അപേക്ഷ ഫോം പൂരിപ്പിക്കണം. ഇതിന് പുറമേ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, അപേക്ഷകന്റെ യാത്രപദ്ധതി, ടിക്കറ്റ് വിവരങ്ങൾ, ആതിഥേയരാജ്യത്ത് താമസിക്കുന്ന ഹോട്ടലിന്റെയോ അല്ലെങ്കിൽ മറ്റ് സംവിധാനങ്ങളുടെയോ തെളിവ് എന്നിവ ഹാജരാക്കണം. കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് നിർബന്ധമായും ഹാജരാക്കണം. 50,000 രൂപയോ അല്ലെങ്കിൽ അതിന് മുകളിലോ തുക ഉണ്ടായിരിക്കണം.
ഒറ്റയ്‌ക്ക് അല്ല, മറിച്ച് സംഘമായാണ് യാത്ര നടത്താൻ താത്പര്യപ്പെടുന്നതെങ്കിൽ യാത്രയ്‌ക്കൊരുങ്ങുന്ന വ്യക്തികളോ സംഘടനകളോ വിസയ്‌ക്ക് അപേക്ഷിക്കുന്നതിന് മുൻപായി എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ അനുമതി തേടണം. തുടർന്ന് എംബസിയുടെ സ്ഥിരീകരണം ലഭിച്ചാൽ മാത്രമാകും വിസ ലഭിക്കുക. യാത്രയുടെ ഉദ്ദേശ്യം, സമയം, മറ്റ് വിശദാംശങ്ങളെല്ലാം എംബസിയെ അറിയിക്കണം.
സ്റ്റുഡന്റ് വിസ
വിനോദത്തിന് പുറമേ പഠനത്തിന് പോകുന്നവർക്കും സ്റ്റിക്കർ വിസ എടുക്കാവുന്നതാണ്. സ്റ്റുഡന്റ് വിസ അപേക്ഷാ പ്രക്രിയയ്‌ക്ക് സാധാരണയായി കുറഞ്ഞത് മൂന്ന് മുതൽ നാല് പ്രവൃത്തി ദിവസങ്ങൾ എടുക്കും. വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള കത്ത്, സാമ്പത്തിക തെളിവുകൾ പോലുള്ള അവശ്യ രേഖകൾ എംബസി അവലോകനം ചെയ്യും. ഈ സൂക്ഷ്മമായ വിലയിരുത്തൽ അപേക്ഷകർ വിസ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.















