ഉപഗ്രഹങ്ങളുടെ ആശയവിനിമയത്തിന് കൂടുതൽ കരുത്ത് പകരുവാൻ ലൈഫൈ ഉപയോഗിക്കാനൊരുങ്ങി ഐഎസ്ആർഒ. ബഹിരാകാശത്ത് ഉപഗ്രഹ ആശയവിനിമയത്തിനായാണ് ലൈഫൈ അഥവാ ലൈറ്റ് ഫിഡിലിറ്റി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇതിനായി നാവ് വയർലെസ് ടെക്നോളജീസുമായാണ് ഐഎസ്ആർഒ കരാറിൽ ഒപ്പിട്ടു. പരമ്പരാഗത റേഡിയോ ഫ്രീക്വൻസി സിസ്റ്റങ്ങളെ അപേക്ഷിച്ച് ഒപ്റ്റിക്കൽ വയർലെസ് സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്തി ബഹിരാകാശ ആശയവിനിമയ സാങ്കേതിക വിദ്യയിൽ സുപ്രധാന ചുവടുവെപ്പിനൊരുങ്ങുകയാണ് ഐഎസ്ആർഒ.
ലൈഫൈ നിലവിൽ വരുന്നതോടെ ബഹിരാകാശത്തും ഭൂമിയിലും ബേസ് സ്റ്റേഷനുകൾ നിലവിൽ വരും. ഇതോടെ ഉപഗ്രഹങ്ങളും സ്റ്റേഷനുകളും തമ്മിൽ കൂടുതൽ വേഗത്തിൽ ആശയവിനിമയം നടത്താനാകും. വളരെ ഉപകാരപ്രദമാകും വിധത്തിൽ ആശയവിനിമയം നടത്തുക എന്നതാണ് ഇസ്രോയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ലക്ഷ്യം വെക്കുന്നത്. വരാനിരിക്കുന്ന ബഹിരാകാശ പര്യവേഷണ ദൗത്യങ്ങളിലും നിർണായക പങ്കുവഹിക്കുവാൻ ലൈഫൈ സാങ്കേതികവിദ്യയിലൂടെ സാധിക്കും എന്നാണ് പ്രതീക്ഷ.
ഐഎസ്ആർഒയും നാവ് വയർലെസ് ടെക്നോളജീസും തമ്മിൽ ഒപ്പുവെച്ച ധാരണാ പത്രം ടെലികോം ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചു. ബേസ് സ്റ്റേഷനുകൾ തമ്മിലുള്ള ആശയവിനിമയത്തിനും സാറ്റലൈറ്റ് ആശയവിനിമയത്തിനും വളരെ കുറച്ച് ബഹിരാകാശ ഏജൻസികൾ മാത്രമാണ് ലൈഫൈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ലൈറ്റ് ഫിഡിലിറ്റ് എന്ന ലൈഫൈ ഇൻഡോർ ഔട്ട്ഡോർ പരിസ്ഥിതികൾ ഉൾക്കൊണ്ട് പ്രകാശ കിരണങ്ങളുടെ സ്പെക്ട്രം മുഖേനയാണ് ഡാറ്റ കൈമാറ്റം ചെയ്യുന്നത്.















