ഡെറാഡൂൺ: വീടുകളിൽ സ്വകാര്യ മിനി ബാറുകൾ സ്ഥാപിക്കാനുള്ള അനുമതി പിൻവലിച്ച് ഉത്തരാഖണ്ഡ് സർക്കാർ. എക്സൈസ് പോളിസി മാനുവലിലെ ഇത് സംബന്ധിച്ച ഭാഗങ്ങൾ സർക്കാർ പിൻവലിച്ചു. ഇത്തരം ലൈസൻസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പിൻവലിക്കുന്നതായി എക്സൈസ് കമ്മിഷണർ ഉത്തരവിറക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ എക്‌സൈസ് പോളിസി മാനുവലിൽ അഞ്ച് വർഷത്തേക്ക് ആദായനികുതി റിട്ടേൺ അടയ്‌ക്കുന്നവർക്ക് പ്രതിവർഷം 12,000 രൂപ അടച്ച് മിനി ഹോം ബാർ ലൈസൻസ് അനുവദിക്കാൻ നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് മദ്യ ഉപഭോഗം വർദ്ധിപ്പിക്കുമെന്നതിനെ തുടർന്നാണ് നയത്തിൽ മാറ്റം കൊണ്ടുവന്നത്.
ഒമ്പത് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 18 ലിറ്റർ വിദേശമദ്യം, ഒമ്പത് ലിറ്റർ വൈൻ, 15.6 ലിറ്റർ ബിയർ എന്നിവ വീട്ടിൽ സൂക്ഷിക്കാൻ ലൈസൻസുള്ളവർക്ക് അനുമതി നൽകുന്നതായിരുന്നു നയം. എന്നാൽ 21 വയസ്സിന് താഴെയുള്ളവർക്ക് മദ്യം സൂക്ഷിക്കുന്ന സ്ഥലത്ത് പ്രവേശിക്കാൻ സാധിക്കില്ല. ഡ്രൈ ഡേകളിൽ ഇവ അടച്ചിടണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.















