കങ്കണ റാവത്ത് പ്രധാന വേഷത്തിലെത്തുന്ന തേജസിലെ ആദ്യ ഗാനം പുറത്ത്. ജാൻ ദാ (സയാൻ വേ) എന്ന ഗാനമാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ദേശ സ്നേഹം ഉണർത്തുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കുമാറാണ്. ശാശ്വത് സച്ച്ദേവ് ഈണം പകരുന്ന ഗാനം അരിജിത് സിംഗും ശാശ്വത് സച്ച്ദേവും ചേർന്ന് ആലപിക്കുന്നു. ദേശസ്നേഹവും പ്രണയവും ഇടകലർന്ന് ഒരുക്കിയിരിക്കുന്ന പാട്ടിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
സർവ്വേഷ് മേവാരെ തിരക്കഥയും സംവിധാനം നിർവ്വഹിക്കുന്ന തേജസിന്റെ ട്രെയിലർ എയർഫോഴ്സ് ദിനമായ ഒക്ടോബർ 8-നാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. നീണ്ട കാത്തിരുപ്പിനൊടുവിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 2020 ഡിസംബറിൽ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നു എങ്കിലും സാങ്കേതിക കാരണങ്ങളാൽ ഡേറ്റ്മാറ്റി വച്ചു. ഒക്ടോബർ 27-നാണ് ചിത്രം റിലീസിനെത്തുന്നത്.
റോണി സ്ക്രൂവാലയാണ് സിനിമ നിർമ്മിക്കുന്നത്. ശാശ്വത് സച്ച്ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഓരോ ഭാരതീയനിലും ദേശാഭിമാനത്തിന്റ അഗ്നി പകരുന്ന ചിത്രം, എയർ ഫോഴ്സ് പൈലറ്റുകളുടെ അർപ്പണ ബോധത്തിന്റെയും നിഷ്ഠയുടെയും അവർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെയും കഥയാണ് പറയുന്നത്.