ആഗോള ബഹിരാകാശ ഭൂപടത്തിൽ കേന്ദ്രബിന്ദുവായി ചുവടുവെക്കുകയാണ് ഐഎസ്ആർഒ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സ്പർശിക്കുന്ന ആദ്യരാജ്യമായതോടെ ആഗോളതലത്തിൽ ആ സന്തോഷവും അഭിമാനവും ആഘോഷമാക്കി. ഇതിന് പിന്നാലെ നിരവധി പദ്ധതികൾക്കാണ് ഇസ്രോ തയ്യാറെടുക്കുന്നത്.
2025-ൽ ആദ്യ മനുഷ്യദൗത്യം നടത്തും, 2035-ഓടെ സ്വന്തം ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കും, 2040-ഓടെ ഭാരതീയനെ ചന്ദ്രനിൽ ഇറക്കാൻ കഴിയണമെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശുക്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങളുമായി മുന്നോട്ട് പോകാനും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വീണ്ടും ചർച്ചയാവുകയാണ് രണ്ടാം ചൊവ്വാ ദൗത്യം.
മംഗൾയാൻ-2 എന്നറിയപ്പെടുന്ന മാർസ് ഓർബിറ്റർ മിഷൻ-2 ചൊവ്വ ഗ്രഹത്തെ കുറിച്ചുള്ള പഠനം നടത്താനായി നാസല് പേലോഡുകളാണ് സജ്ജമാക്കിയിട്ടുള്ളത്. മാർസ് ഓർബിറ്റ് ഡസ്റ്റ് എക്സ്പെരിമെന്റ് (മോഡക്സ്), റേഡിയോ ഒക്ൾട്ടേഷൻ (ആർഒ), എനർജറ്റിക് അയോൺ സ്പെക്ട്രോമീറ്റർ (ഇഐഎസ്), ലാങ്മുയർ പ്രോബ് ആൻഡ് ഇലക്ട്രിക് ഫീൽഡ് എക്സ്പെരിമെന്റ് (എൽപിഎക്സ്) എന്നീ നാല് പേലോഡുകളാണ് പേടകത്തിലുണ്ടാവുക. അവയുടെ സവിശേഷതകൾ അറിയാം..
1) Mars Orbit Dust Experiment (MODEX) : അന്തരീക്ഷത്തിന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാൻ മോഡക്സ് സഹായിക്കും. ഇതിൽ നിന്ന് ലഭിക്കുന്ന പഠനങ്ങൾ പൊടിപലങ്ങളുടെ സാന്നിധ്യത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകും. ചൊവ്വാ ഗ്രഹത്തിന് ചുറ്റും എന്തെങ്കിലും തരത്തിലുള്ള വളയുമുണ്ടോയെന്ന സംശയത്തിന്ഉത്തരം നൽകാനും ദൗത്യത്തിനാകും.
2) റേഡിയോ ഒക്ൾട്ടേഷൻ: ന്യൂട്രൽ, ഇലക്ട്രോൺ എന്നിവയുടെ സാന്ദ്രത അളക്കാനാകും റേഡിയോ ഒക്ൾട്ടേഷൻ പരീക്ഷണം നടത്തുക. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ സഹായിക്കുന്ന എക്സ്-ബാൻഡ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന മൈക്രോവേവ് ട്രാൻസ്മിറ്ററാണ് ഉപകരണം. ഇത് ഉപയോഗിച്ചാകും പഠനം നടത്തുക.
3) എനർജറ്റിക് അയോൺ സ്പെക്ട്രോമീറ്റർ: ചൊവ്വയുടെ ഉപരിതത്തിലെ സൗരോർജ്ജ കണികകളെയും സൂപ്പർ-തെർമൽ കണികളെയും ചിത്രീകരിക്കാൻ ഇഐഎസ് സഹായിക്കും. ഉയർന്ന ഊർജ്ജം പുറപ്പെടുവിക്കുന്ന കണികകളെ കുറിച്ചുള്ള പഠനം ചുവന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ നൽകും. അന്തരീക്ഷം നഷ്ടപ്പെടുന്നതിന് പിന്നിലെ ഘടകങ്ങൾ മനസിലാക്കാൻ ശാസ്ത്ര സമൂഹത്തെ സഹായിക്കും.
4) ലാങ്മുയർ പ്രോബ് ആൻഡ് ഇലക്ട്രിക് ഫീൽഡ് എക്സ്പെരിമെന്റ്: ഇലക്ട്രോണുകളുടെ സാന്ദ്രത, താപനില, വൈദ്യുത മണ്ഡല തരംഗങ്ങൾ എന്നിവ അളക്കാനാകും LPEX ഉപയോഗപ്പെടുത്തുക. ചൊവ്വയിലെ പ്ലാസ്മയെ സംബന്ധിച്ച പഠനങ്ങൾക്കുള്ള നിർണായക വിവരങ്ങൾ നൽകാൻ ഇതിനാകും.















