മലയാളത്തിൽ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധേയനായ നടനാണ് റോണി ഡേവിഡ് രാജ്. ആളൊരു ഡോക്ടറാണെങ്കിലും സിനിമയോടുള്ള അടങ്ങാത്ത മോഹം കൊണ്ടു തന്നെയാണ് അഭിനയിക്കാനെത്തിയതെന്ന് റോണി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമ ജീവിതത്തിന്റെ തുടക്ക കാലത്ത് ചെറിയ വേഷങ്ങളും വില്ലൻ വേഷങ്ങളിലുമാണ് റോണിയെ കണ്ടിരുന്നത്. എന്നാൽ മെഗാസ്റ്റാറിനൊപ്പമുള്ള രണ്ടു സിനിമകൾ റോണിയെ നടനെ മലായാളികൾക്ക് കൂടുതൽ പ്രിയപ്പെട്ടതാക്കുകയാണ്.
മമ്മൂട്ടിക്കൊപ്പം അഭിനിച്ച കണ്ണൂർ സ്‌ക്വാഡിൽ ശ്രദ്ധേയമായ വേഷമായിരുന്നു റോണി അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക ശ്രദ്ധയും ഈ വേഷത്തിന് ലഭിച്ചിരുന്നു. റോണിയുടെ സഹോദരൻ റോബി വർഗ്ഗീസ് രാജാണ് കണ്ണൂർ സ്‌ക്വാഡ് സംവിധാനം ചെയ്തത്. എന്നാൽ ആർക്കും അറിയാത്ത ഒരു സിനിമാക്കഥ കൂടി റോണിയ്‌ക്ക് പറയാനുണ്ട്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
34 വർഷം മുൻപ് ജോഷി സംവിധാനം മമ്മൂട്ടി നായകനായ മഹായാനം എന്ന ചിത്രം നിർമ്മിച്ചത് റോണിയുടെ പിതാവ് സി.ടി. രാജനാണ്. ചിത്രം സാമ്പത്തികമായി വലിയ തകർച്ചയായിരുന്നു. അന്ന് റോണിയുടെ പിതാവിന് സ്വന്തമായി ഒരു തിയറ്ററുണ്ടായിരുന്നു. സിനിമ പരാജയപ്പെട്ടതോടെ തിയേറ്റർ പൂട്ടേണ്ടി വന്നു. ഒടുവിൽ താമസിച്ചിരുന്ന സ്ഥലവും സർവ്വവും വിറ്റ് തങ്ങളുടെ കുടുംബം നാടുവിടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഒരു തരത്തിൽ തങ്ങൾക്ക് ഇത് ഒരു മധുര പ്രതികാരം കൂടിയാണ്. അന്ന് എല്ലാത്തിൽ നിന്നും ഒളിച്ചോടിയ തങ്ങൾ നിലനിൽപ്പില്ലാതെ 19 വീടുകളിൽ മാറി താമസിക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ എല്ലാവരും കളിയാക്കി പറയും ഒരു വീട് കൂടി മാറിയിരുന്നെങ്കിൽ 20-20 ആകുമായിരുന്നല്ലോ എന്ന്. പക്ഷേ ഞങ്ങൾ അഭിമാനത്തോടെ പറയും അന്ന് പരാജയപ്പെട്ട നടന്റെ ചിത്രത്തിലൂടെ ഞങ്ങൾ വിജയം തിരിച്ചു പിടിച്ചെന്ന്.















