പാലക്കാട്: ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ കോടതിയില്‍ കീഴടങ്ങി. പാലക്കാട് വാടാനാംകുറിശ്ശി ചെരികല്ലിന്മേല്‍ വീട്ടില്‍ സവാദ്(46), മലപ്പുറം ചെമ്പ്രക്കാട്ടൂര്‍ ചെറുകാരപ്പറമ്പ് ഇസ മൊയ്തീന്‍(27) എന്നിവരാണ് ഇന്ന് രാവിലെ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
കേസിലെ 16 ഉം,17ഉം പ്രതികളാണിവർ . ഇവരെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതോടെ കേസിലെ 24 പ്രതികളില്‍ 21 പേരും അറസ്റ്റിലായി.
ഇരുവരും ഒളിവില്‍ കഴിയുന്നതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രതികളെ ഒളിപ്പിക്കുന്നതിനും മറ്റും സഹായം ചെയ്തു എന്ന കുറ്റത്തിനുള്ള സെക്ഷന്‍ മാത്രം ഉള്‍പ്പെട്ടതിനാല്‍ ഹൈക്കോടതി ഇവരെ കോടതിയില്‍ ഹാജരായി ജാമ്യാപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് കോടതിയില്‍ കീഴടങ്ങിയത്. ലുക്ക് ഔട്ട് നോട്ടീസിലുള്ള പള്ളി ഇമാം, മുഖ്യപ്രതി നൗഫല്‍ ഉള്‍പ്പെടെ മൂന്നുപേരെ ഇനിയും പിടികൂടാനുണ്ട്.















