കാസർകോട് ജില്ലയിലെ ഗോത്ര ഭാഷയായ മർക്കോടിയിൽ ഒരുക്കുന്ന ആദ്യ സിനിമയാണ് ഓങ്കാറ. നവാഗതനായ ഉണ്ണി കെ ആർ ആണ് ചിത്രത്തിന്റെ സംവിധായകൻ. കൃഷിയും വേട്ടയാടലും ഉപജീവനമാക്കി ജീവിച്ചിരുന്ന മാവിലൻ എന്ന ഗോത്ര വിഭാഗത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമയിൽ സുധീർ കരമനയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
ഓങ്കാറയിൽ ഒരു തെയ്യം കലാകാരനായാണ് സുധീർ കരമന എത്തുക. ചിത്രത്തിൽ നൂറ്റാണ്ടുകളോളം അടിമകളായി ജീവിച്ചിരുന്ന ഗോത്രവിഭാഗത്തിന്റെ അതിജീവനത്തിന്റെ കഥകൂടിയാണ് പറയുന്നത്. ഒങ്കാറയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയാണ്. ചിത്രത്തിൽ ആറോളം പരമ്പരാഗത ഗാനങ്ങളുണ്ട്.
പുറംലോകമറിഞ്ഞിട്ടില്ലാത്ത വിവിധ ഗോത്ര തെയ്യങ്ങളും മംഗലംകളിയും പ്രാചീനകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഗാനങ്ങളും ഒങ്കാറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെട്ടുകിളി പ്രകാശ്, സുഭാഷ് രാമനാട്ടുകര, ഗോപിക വിക്രമൻ, സാധിക വേണുഗോപാൽ, അരുന്ധതി നായർ, രമ്യ ജോസഫ്, ആഷിക് ദിനേശ്, ജിബു ജോർജ്ജ്, റാം വിജയ്, സച്ചിൻ, സജിലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.
ആദിവാസി വിഭാഗമായ മാവിലാന്‍ സമൂഹത്തിന്റെ ഇടയില്‍ സംസാരഭാഷയായി ഉപയോഗിക്കുന്ന മര്‍ക്കോടിക്ക് ലിപികളില്ല. പ്രാദേശികമായി മാവിലവു എന്നപേരില്‍ അറിയപ്പെടുന്ന മര്‍ക്കോടി ഭാഷ വാമൊഴിയായാണ് തലമുറകളിലേക്ക് കൈമാറുന്നത്.പൂർണ്ണമായും ഉൾക്കാട്ടിൽ ചിത്രീകരിച്ചിരിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേഇന്ത്യൻ സിനിമ വിഭാഗത്തിലെ മത്സരവിഭാഗത്തിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.















