തൃശൂർ: വാൽപ്പാറയിൽ ഒഴുക്കിൽപ്പെട്ട് അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം. ഷോളയാർ എസ്റ്റേറ്റിൽ കുളിക്കവെയായിരുന്നു അപകടം. കോയമ്പത്തൂർ സ്വദേശികളായ അജയ്, റാഫേൽ, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്നുമുള്ള വിദ്യാർത്ഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കവെയാണ് ബാക്കിയുള്ളവരും ഒഴുക്കിൽപ്പെട്ടത്.
അഞ്ച് ബൈക്കുകളിലായി 10 പേരാണ് ഇവിടെയെത്തിയത്. ഇവരിൽ അഞ്ച് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ പുറത്തെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശവാസികളും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് യുവാക്കളുടെ മൃതദേഹം കണ്ടെത്തിയത്.