പാലക്കാട്: രാഷ്ട്രീയ സ്വയം സേവകസംഘവും സേവാഭാരതിയും നിർധനരായ അഞ്ച് കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നു. ഭൂമി പൂജയ്ക്ക് ശേഷമാണ് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നത്. എലപ്പുള്ളി പണ്ടാരക്കാവിൽ കിഷോർ ഭാർഗവ നൽകിയ 25 സെന്റ് ഭൂമിയിലാണ് പുതിയ വീടുകൾ നിർമ്മിക്കുന്നത്. ആർഎസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി.രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇത്തരം പ്രവൃത്തി പ്രദേശത്ത് ആകെ പ്രകാശം പരത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വീടുകൾക്ക് ഒപ്പം സ്ത്രീകളുടെ ഉന്നമനത്തിനായി സേവാകേന്ദ്രവും പ്രദേശത്ത് നിർമ്മിക്കുന്നുണ്ട്. ആറ് മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കുകയാണ് രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെയും സേവാഭാരതിയുടെയും ലക്ഷ്യം. ആർഎസ്എസ് വിഭാഗ് സംഘ ചാലക് വി.കെ.സോമസുന്ദരം, വിഭാഗ് പ്രചാരക് എ.ഗോപാലകൃഷ്ണ, സഹകാര്യവാഹ് സുധീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.