പാകിസ്താനുമേൽ അഫ്ഗാനിസ്ഥാൻ ഐതിഹാസ വിജയം നേടിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ആരാധകരുടെ വാക് പോര്. മാൻ ഓഫ് ദ മാച്ച് ലഭിച്ച ഇബ്രാഹിം സദ്രാൻ തന്റെ വിജയം പാകിസ്താനിൽ നിന്നും നാടുകടത്തപ്പെട്ട അഫ്ഗാൻ അഭയാർത്ഥികൾക്ക് സമർപ്പിച്ചതാണ് പാക് ആരാധകരെ ചൊടിപ്പിച്ചത്.
മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ഇബ്രാഹിം സദ്രാൻ തനിക്ക് കിട്ടിയ അംഗീകാരം അഭയാർത്ഥികൾക്ക് സമർപ്പിക്കുന്നതായി പരാമർശിച്ചത്. അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ പാകിസ്താനിലേക്ക് അഭയാർത്ഥികൾ എത്തിയിരുന്നു. ഇവരിൽപ്പെട്ട 50,000 ൽ അധികം പേരെ പാക് സർക്കാർ കഴിഞ്ഞ ദിവസങ്ങളിലായി തിരികെ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തി. ഇവർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് ഇബ്രാഹിം സദ്രാൻ പരാമർശം നടത്തിയത്.
രാഷ്‌ട്രീയ പരാമർശങ്ങൾക്ക് അന്താരാഷ്‌ട്ര ക്രിക്കറ്റ് വേദികൾ ഉപയോഗിക്കരുതെന്ന ചട്ടം അഫ്ഗാൻ താരം ലംഘിച്ചു എന്നാണ് പാക് ആരാധകരുടെ പക്ഷം. പാകിസ്താനുമേൽ ഇത്തരം ചട്ടങ്ങൾ കർക്കശമായി നടപ്പിലാക്കുന്ന ഐസിസി എന്തുകൊണ്ട് ഇക്കാര്യം കണ്ടില്ലെന്നാണ് പാക് ആരാധകർ ചോദിക്കുന്നത്.
https://twitter.com/KazmiWajahat/status/1716500139496603943
ഏകദിന ലോകകപ്പിലെ 22-ാം മത്സരത്തിൽ പാകിസ്താനെതിരെ അഫ്ഗാനിസ്ഥാൻ എട്ട് വിക്കറ്റിന്റെ വിജയം കരസ്ഥമാക്കിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഏകദിനത്തിൽ പാകിസ്താനെതിരെ അഫ്ഗാനിസ്ഥാൻ വിജയം നേടുന്നത്.














