ഇന്ന് മലയാളത്തിന്റെ ജനപ്രിയനടൻ ദിലീപിന്റെ 56-ാം ജന്മദിനമാണ്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ പുത്തൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബാന്ദ്ര’ നവംബർ 10-ന് റിലീസ് ചെയ്യുമെന്ന സന്തോഷമാണ് ദിലീപ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ദിലീപ് വൻ മാസ്സ് ഗെറ്റപ്പിൽ എത്തുന്ന ബാന്ദ്രയ്‌ക്കായി ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ദിലീപ്-അരുൺ ഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ‘ബാന്ദ്ര’. രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാസ് കോംബോ വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രതീക്ഷയും. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. പാൻ ഇന്ത്യൻ താരനിരയാണ് ചിത്രത്തിനായി അണി നിരന്നിരിക്കുന്നത്.
തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും സിനിമയിലുണ്ട്.
സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആക്ഷന് വലിയ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഡോൺ കഥാപാത്രമായാണ് ദിലീപ് എത്തുക. സിനിമയുടെ മാസ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് അൻപറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.















