കണ്ണൂർ: സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്ന് മലബാർ ദേവസ്വം ജീവനക്കാർ. സേവന- വേതന വ്യവസ്ഥകളിൽ വിവേചനം കാണിക്കുന്നുവെന്ന പരാതിയുമായി ക്ഷേത്ര ജീവനക്കാർ രംഗത്തുവന്നു. കേരളപ്പിറവി ദിനം കരിദിനമായി ആചരിക്കാനാണ് തീരുമാനമെന്നും ജീവനക്കാർ അറിയിച്ചു.
ഹൈക്കോടതി ഇടപെടലിലൂടെ മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചുവെങ്കിലും ഇപ്പോഴും പഴയ മദ്രാസ് നിയമം തന്നെയാണ് ദേവസ്വം ബോർഡ് പിന്തുടരുന്നത്. ഐക്യകേരളം രൂപീകരിച്ചു 67 വർഷം കഴിഞ്ഞിട്ടും സ്ഥിതി ഗതികൾക്ക് യാതൊരു മാറ്റവും ഇല്ല .അതുകൊണ്ട് തന്നെ ജീവനക്കാരുടെ നിയമനത്തിലും വേതനത്തിലും മറ്റ് ദേവസ്വം ബോർഡുകളെ അപേക്ഷിച്ച് പരിതാപകരമായ അവസ്ഥയാണ്. 14 വർഷം മുൻപ് പ്രഖ്യാപിച്ച പരിഷ്‌കരണങ്ങൾ പോലും സർക്കാർ ഇത് വരെ നടപ്പിലാക്കിയിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു.
ആറ് മാസത്തിലധികമായി ക്ഷേത്ര ജീവനക്കാർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സമരം നടത്തുകയാണ്. ഇത് സർക്കാർ കാണാത്ത ഭാവം നടിക്കുകയാണ്. മലബാർ ദേവസ്വം ബോർഡ് ആസ്ഥാനത്തും അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിലും കേരളപ്ലിറവി ദിനത്തിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കുമെന്നും ജീവനക്കാർ വ്യക്തമാക്കി















