ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നവംബർ 27-ന്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചക്കുളത്തുകാവ് ട്രസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണൻ നമ്പൂതിരി പൊങ്കാല അടുപ്പിൽ അഗ്നി പകരും. ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് പൊങ്കാലയ്‌ക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. കൂടാതെ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരും ചടങ്ങിന് നേതൃത്വം നൽകും.
പൊങ്കാലയുടെ വരവറിയിക്കുന്ന പ്രധാന ചടങ്ങായ കാർത്തികസ്തംഭം ഉയർത്തൽ നവംബർ 19-ന് നടക്കും. ബംഗാൾ ഗവർണർ സിവി ആനന്ദബോസ് കാർത്തികസ്തംഭ ദിനത്തിൽ അഗ്നി പകരും. പ്രദേശത്ത് പ്ലാസ്റ്റിക് പൂർണമായി നിരോധിച്ചിട്ടുണ്ട്. ഹരിത ചട്ടങ്ങൾ പാലിച്ചാണ് പൊങ്കാലയുടെ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നതെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പറഞ്ഞു.
പോലീസ്, കെഎസ്ആർടിസി, ആരോഗ്യ-തദ്ദേശ സ്ഥാപനങ്ങൾ, ഫയർഫോഴ്‌സ് എന്നീ വകുപ്പുകളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ആലപ്പുഴ, പത്തനംതിട്ട ജില്ലാ കളക്ടർമാർ നേതൃത്വം നൽകും. ഉത്സവ വേളയിൽ പാർക്കിംഗിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തും.















