അടുക്കളയിലെ നിറ സാന്നിധ്യമാണ് പച്ചമുളകുകൾ. പച്ചമുളകില്ലാത്ത കറികൾ തന്നെ വിരളമായിരിക്കും. അറിയാതെ ഈ പച്ചവിരുതനെ ഒന്നു കടിച്ചാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ലയെന്നതാണ് യാഥാർത്ഥ്യം. എരിവിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന പച്ചമുളക് ഗുണങ്ങളുടെ കാര്യത്തിലും മുമ്പിൽ തന്നെയാണ്. അറിയാം പച്ചമുളകിന്റെ ഈ ഗുണങ്ങൾ..
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
നമ്മുടെ ശരീരത്തിൽ സെറട്ടോണിൻ-എൻഡോർഫിൻ എന്നീ ഹോർമോണുകളുടെ ഉദ്പാദനം വർദ്ധിപ്പിച്ച് മാനസികാരോഗ്യം നിലനിർത്തുന്നതിന് പച്ചമുളകുകൾ സഹായിക്കുന്നു.
ദഹന പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനും മൂക്കടപ്പ് തടയുന്നതിനും
ഭക്ഷണ ശീലങ്ങൾ മാറുമ്പോൾ ദഹന പ്രശ്‌നങ്ങൾ പതിവായി നേരിടേണ്ടി വരുന്നത് സ്വാഭാവികമായ ഒന്നാണിപ്പോൾ. പച്ചമുളകുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിന് സഹായകരമാണെന്ന് പഠനങ്ങൾ പറയുന്നു. മൂക്കടപ്പ് തടയുന്നതിനും പച്ചമുളക് സഹായിക്കുന്നു. ഇതിലുള്ള ‘ capsaicin’ ഘടകമാണ് ഇതിന് സഹായിക്കുന്നത്.
വേദന സംഹാരി
നല്ലൊരു വേദന സംഹാരിയാണ് പച്ചമുളകുകൾ. സന്ധിവാതം, തലവേദന തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിനായി പച്ചമുളകുകൾ സ്ഥിരമായി ആഹാരത്തിൽ ഉൾപ്പെടുത്താം.
രക്തസമ്മർദ്ദം കുറയ്‌ക്കുന്നു
പതിവായി ആഹാരത്തിൽ പച്ചമുളകുകൾ ഉൾപ്പെടുത്തി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കാനും, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.















