വാഷിംഗ്ടൺ: പന്നിയിൽ നിന്നും ഹൃദയം സ്വീകരിച്ച ലോകത്തിലെ രണ്ടാമത്തെ മനുഷ്യൻ മരണപ്പെട്ടു. ലോറൻസ് ഫൗസെറ്റെ എന്ന 58-കാരനാണ് മരിച്ചത്. ഹൃദയം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 6 ആഴ്‌ച്ചകൾക്ക് ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്ന് മേരിലാൻഡ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ മാസം 20-ാം തീയതിയാണ് ഹൃദ്രോഗ ബാധിതനായിരുന്ന ലോറൻസിന് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം നൽകി ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് 6 ആഴ്‌ച്ചകൾക്ക് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയ്‌ക്ക് ശേഷം ലോറൻസ് വളരെയധികം ഉന്മേഷവാനായിരുന്നെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.
” അദ്ദേഹത്തിന് കുടുംബത്തിനോടൊപ്പം അധിക സമയം ചിലവഴിക്കാനാകില്ലെന്ന് അറിയാമായിരുന്നു. എങ്കിലും ശസ്ത്രക്രിയയ്‌ക്ക് ശേഷം അദ്ദേഹം ഉന്മേഷത്തോടെ ഞങ്ങളോടൊപ്പം സംസാരിക്കാനും സമയം ചെലവിടാനും താത്പര്യം കാണിച്ചിരുന്നു. ശസ്ത്രക്രിയയ്‌ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകുന്നത് ഞങ്ങൾക്കും കാണാൻ സാധിച്ചിരുന്നു. പിന്നീടാണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയത്.” – ലോറൻസിന്റെ ഭാര്യ പറഞ്ഞു. ഭർത്താവിന്റെ ജീവൻ 6 ആഴ്‌ച്ചകൾ കൂടി നിലനിർത്താനും അദ്ദേഹത്തെ പരിപാലിക്കാനും സഹായിച്ച മേരിലാൻഡിലെ ഡോക്ടറുമാരുടെ നിസ്വാർത്ഥ സേവനങ്ങൾക്ക് ലോറൻസിന്റെ കുടുംബം നന്ദി അറിയിക്കുകയും ചെയ്തു.















