ചെന്നൈ: റോഡിൽ ബൈക്ക് അഭ്യാസം നടത്തി അപകടമുണ്ടാക്കിയ കേസിൽ അറസ്റ്റിലായ യൂട്യൂബർക്ക് ജാമ്യം. യൂട്യൂബറായ ടി ടി എഫ് വാസനാണ് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവധിച്ചത്. മൂന്നാഴ്ചത്തേയ്ക്ക് എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നതടക്കമുള്ള നിബന്ധനകളോടെയാണ് ജാമ്യം.
അമിതവേഗത്തിൽ ബൈക്കോടിച്ച് അപകടമുണ്ടാക്കിയ കേസിൽ വാസനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസമായിരുന്നു സംഭവം. ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ ബാലുചെട്ടിഛത്രത്തിന് സമീപം സർവ്വീസ് റോഡിൽ ബൈക്ക് ഓടിച്ച് അഭ്യാസ പ്രകടനം കാണിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
യൂട്യൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്യുന്ന ബൈക്ക് അഭ്യാസ വീഡിയോകളിലൂടെയാണ് വാസൻ ജനശ്രദ്ധ നേടുന്നത്. ലക്ഷക്കണക്കിന് പേർ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഒടുവിൽ നടത്തിയ ബൈക്ക് അഭ്യാസപ്രകടനത്തിന്റെ വീഡിയോയും വാസൻ ചാനലിലൂടെ പങ്കുവച്ചിരുന്നു.
വാസന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, വാസൻ അഭ്യാസ പ്രകടനം കാണിക്കുന്നതിന് ഉപയോഗിക്കുന്ന ബൈക്ക് കത്തിച്ചുകളയണമെന്നും ഉത്തരവിട്ടിരുന്നു. കൂടാതെ ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് പത്തു വർഷത്തേക്ക് റദ്ദാക്കിയെന്നാണ് കാഞ്ചീപുരം ആർടിഒ അറിയിച്ചിരിക്കുന്നത്.