പ്രേമം എന്ന ഒറ്റ സിനിമ മതി ശബരീഷ് വർമയെ മലയാളികൾക്ക് ഓർക്കാൻ. എന്നാൽ, ശബരീഷ് നടൻ മാത്രമല്ല നല്ലൊരു ഗാന രചയിതാവും മ്യൂസിക് കമ്പോസറുമാണെന്ന് അധികം അർക്കും അറിയില്ല. ഇപ്പോഴിതാ താനെഴുതിയ ഗാനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശബരീഷ് വർമ. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
അൽഫോൺസ് പുത്രൻ ഒരുക്കിയ നേരത്തിലെ പിസ്ത പാട്ടും, പ്രേമത്തിലെ സീൻ കോണ്ട്രയും മലരേ പാട്ടുമെല്ലാം ശബരീഷിന്റെ തൂലികയിൽ പിറന്നവയാണ്. നേരം, പ്രേമം, ജയ ജയ ജയ ജയഹേ, നാം, ഡബിൾ ബാരൽ തുടങ്ങിയ സിനിമകളിലൊക്കെ തന്റ പാട്ടുകളുണ്ടെന്നും താരം പറഞ്ഞു. ഇത്രയും ഗാനങ്ങൾ രചിട്ടുണ്ടെങ്കിലും ഒരു നടനായിട്ടാണ് പ്രേക്ഷകർ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എന്നെ അധികം പേരും അറിയുന്നത് ഒരു നടൻ എന്ന നിലയിലാണ്. കുറേ പ്രേക്ഷകർ എന്നെ കണക്റ്റ് ചെയ്യുന്നത് പിസ്ത പാട്ടും സീൻ കോണ്ട്രയുമെല്ലാം വെച്ചിട്ടാണ്. ചില ആളുകൾ എന്നെ ഏതൊക്കെയോ സിനിമയിൽ അഭിനയിച്ച ഒരു നടൻ എന്ന നിലയിൽ പരിഗണിക്കുന്നു.
വളരെ കുറച്ച് ആളുകൾ മാത്രമേ നല്ല ഡീറ്റെയിൽഡ് ആയി ഇന്ന സിനിമകളിലെ പാട്ടുകളും ഇയാൾ എഴുതിയിട്ടുണ്ട് എന്ന നിലയിൽ കണക്റ്റ് ചെയ്യുന്നത്. അല്ലെങ്കിൽ കുറച്ചു പേർക്ക് മാത്രമേ അത് അറിയുകയുള്ളൂ. എന്നെ അങ്ങനെ അറിയുന്നവർ വളരെ കുറവാണ്.
ഒരു പാട്ടിന്റെ റൈറ്റർ ആരാണെന്ന് അന്വേഷിച്ച് പോവുന്ന പ്രവണത സാധാരണ പ്രേക്ഷകർക്കിടയിൽ വളരെ കുറവാണ്. പക്ഷെ സീൻ കോണ്ട്രയും പിസ്തയും എല്ലാവർക്കും അറിയാം. അത് എല്ലാവരും കണക്റ്റ് ചെയ്യാറുണ്ട്. കൂടുതലും സീൻ കോണ്ട്രയാണ്. കാരണം ആ പാട്ടിൽ ഞാൻ പറയുന്നുണ്ട്. ഞാൻ തന്നെ എഴുതി ഞാൻ തന്നെ കമ്പോസ് ചെയ്ത പാട്ടെന്ന് പറഞ്ഞാണ് അതിൽ അഭിനയിക്കുന്നത്. അതുകൊണ്ട് അത് ആളുകൾക്ക് അറിയാം. എന്റെ ബാക്കി പാട്ടുകൾ ഞാനാണ് എഴുതിയിട്ടുള്ളത് എന്ന് അറിയാത്ത ഒരുപാട് പേരുണ്ട്.’- ശബരീഷ് വർമ പറഞ്ഞു















