കൊൽക്കത്ത: ലോകകപ്പിൽ ഇന്ത്യക്കെതിരെ ലക്ഷ്യം പിഴച്ച് ദക്ഷിണാഫ്രിക്കൻ താരം മാർക്കോ ജാൻസൻ. നായകൻ രോഹിത് ശർമ്മ ജാൻസനെതിരെ ബാറ്റുവീശിയപ്പോൾ ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബൗളറായ ജാൻസന് അടിതെറ്റി. ആദ്യ ഓവറിൽ ലൈനും ലെംഗ്ത്തും കണ്ടെത്താൻ പാടുപെട്ട യാൻസനെറിഞ്ഞ രണ്ടാം ഓവറിൽ ഇന്ത്യ അടിച്ചെടുത്തത് 17 റൺസായിരുന്നു.
ജാൻസന്റെ ആദ്യ പന്തിൽ സിംഗിളെടുത്ത രോഹിത് സ്‌ട്രൈക്ക് ഗില്ലിന് കൈമാറി. രണ്ടാം പന്ത് വൈഡ് ബൗണ്ടറി വഴങ്ങിയ ജാൻസൻ അടുത്ത ബോളും വൈഡെറിഞ്ഞു. രണ്ടാം പന്തിൽ സിംഗിൾ മാത്രമെ വിട്ടുകൊടുത്തുള്ളൂവെങ്കിലും അടുത്ത പന്തിൽ വീണ്ടും ബൗണ്ടറി.
നാലാം പന്ത് വീണ്ടും വൈഡ്. വീണ്ടുമെറിഞ്ഞ നാലാം പന്തിൽ റണ്ണില്ല. അഞ്ചാം പന്തിൽ വീണ്ടും ബൗണ്ടറി. അവസാന പന്തിൽ റണ്ണില്ല. ഒരോവർ പൂർത്തിയാക്കാൻ ജാൻസൻ എറിഞ്ഞത് 10 പന്തുകൾ. ഇതോടെ ലോകകപ്പിൽ ഒരു ദക്ഷിണാഫ്രിക്കൻ ബൗളറുടെ ഏറ്റവും ദൈർഘ്യമേറിയ ഓവറെന്ന നാണക്കേട് യാൻസന്റെ പേരിലായി.















