ആരാധകർ നെഞ്ചിലേറ്റിയ ഗരുഡന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘എസ്ജി 251’യുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് ഗോപിയുടെ 251-ാമത് ചിത്രമാണിത്. സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇടം നേടാനൊരുങ്ങുകയാണ് ആക്ഷൻ ത്രില്ലർ ചിത്രമായ ‘എസ്ജി 251’. ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന വിവരം സുരേഷ് ഗോപി തന്നെയാണ് സാമൂഹ്യമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്.
രണ്ട് വ്യത്യസ്ത രൂപഭാവങ്ങളിലാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. സമീൻ സലീമിന്റെ തിരക്കഥയിൽ രാഹുൽ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, കന്നട സിനിമാ മേഖലകളിലുള്ളവരായിരിക്കും ചിത്രത്തിന്റെ ടെക്നിക് സൈഡ് ചെയ്യുക.
ഡിസംബർ പകുതിയോടെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്യും. സുരേഷ് ഗോപിയെ കൂടാതെ ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് പ്രധാന താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.