പത്തനംതിട്ട: അഴൂരിൽ മദ്യ ലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച മറ്റൊരു ഓട്ടോയിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ജോൺസനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വള്ളിക്കോട് സ്വദേശിയായ രഞ്ജിത്താണ് മദ്യ ലഹരിയിൽ അപകടം ഉണ്ടാക്കിയത്. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങി വരുകയായിരുന്ന വകയാർ സ്വദേശിയായ അനിലും ഭാര്യ സ്മിതയും സഞ്ചരിച്ചിരുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത്.
അഴൂർ ജംഗ്ഷനിൽ വച്ച് രഞ്ജിത്ത് ഓടിച്ച ഓട്ടോ യാത്രക്കാരുമായി കോന്നി ഭാഗത്ത് നിന്നും വന്ന ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അടുത്തുള്ള തോട്ടിലേക്കു മറിഞ്ഞ ഓട്ടോയിൽ നിന്നും നാട്ടുകാരും പോലീസും അഗ്നിശമനസേനയും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. അപകടശേഷം നിർത്താതെ പോയ ഓട്ടോ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. രഞ്ജിത്ത് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.