അജ്മീർ : വൈറലാകാനായി റെയിൽവേ ട്രാക്കിൽ പടക്കം പൊട്ടിച്ച് യൂട്യൂബർ . ‘ സ്റ്റുപ്പിഡ് ഡിടിഎസ്’ എന്ന ചാനൽ നടത്തുന്ന യാഷ് എന്ന യുവാവാണ് റെയിൽവേ ട്രാക്കുകൾക്ക് നടുവിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തത് . വീഡിയോ വൈറലായതോടെ ഇപ്പോൾ ഇതിനെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് റെയിൽവേ.
രാജസ്ഥാനിലെ അജ്മീറിനും ഫുലേരയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിലാണ് സംഭവം. ‘രസകരമായ പരീക്ഷണം’ എന്നാണ് യൂട്യൂബർ ഈ വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. വൈറലായ വീഡിയോയിൽ, റെയിൽവേ ട്രാക്കുകൾക്കിടയിൽ യൂട്യൂബർ പടക്കം കത്തിക്കുന്നത് കാണാം . തുടർന്ന് അതിൽ നിന്ന് ധാരാളം കറുത്ത പുക ഉയരുന്നു. ഈ സമയത്ത്, ഇതിന് സമാന്തരമായ പാളത്തിൽ കൂടി എണ്ണയുമായി ഗുഡ്സ് ട്രെയിനും കടന്നുപോകുന്നത് കാണാം .
ഈ യൂട്യൂബറിന് തന്റെ യൂട്യൂബ് ചാനലിൽ 133 സബ്സ്ക്രൈബർമാരുണ്ട്. ഈ ചാനലിൽ, വിചിത്രമായ വീഡിയോകളാണ് പോസ്റ്റ് ചെയ്യുന്നത് . ഇതിനുമുമ്പും പടക്കം പൊട്ടിക്കുന്നതിന്റെ നിരവധി വീഡിയോകൾ ഈ യൂട്യൂബർ ചെയ്തിട്ടുണ്ട്. ട്രെയിൻസ് ഓഫ് ഇന്ത്യ’ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് യാഷിന്റെ വീഡിയോകൾ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
റെയിൽവേ ട്രാക്കുകൾക്ക് കേടുപാടുകൾ വരുത്തുന്ന ഇത്തരം സംഭവങ്ങൾക്ക് പിഴയും ജയിൽ ശിക്ഷയും ലഭിക്കാറുണ്ട് . യൂട്യൂബർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.