സംവിധായകൻ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ടർബോയുടെ ലൊക്കേഷനിലെത്തി തമിഴ് താരങ്ങളായ എസ്.ജെ സൂര്യയും രാഘവ ലോറൻസും. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘ജിഗർതണ്ടാ ഡബിൾ എക്‌സ്’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു താരങ്ങൾ. ലൊക്കേഷനിൽ എത്തിയ താരങ്ങൾ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി. ശേഷം മമ്മൂട്ടിക്കൊപ്പവും ചിത്രത്തിലെ അണിയറ പ്രവർത്തകർക്കൊപ്പവും ചിത്രങ്ങൾ പകർത്തിയ ശേഷമാണ് മടങ്ങിയത്.
ജിഗർതണ്ടാ ഡബിൾ എക്‌സ് കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ചിത്രം നാളെ തിയറ്ററുകളിലെത്തും. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നുണ്ട്. നിമിഷ സജയനും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.
ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. രാഘവ ലോറൻസിന്റെയും എസ്.ജെ. സൂര്യയുടെയും തകർപ്പൻ രംഗങ്ങൾ അടങ്ങുന്ന ട്രെയിലർ. ഫൈവ് സ്റ്റാർ ക്രിയേഷൻസ്’ന്റെയും സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെയും ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരുനവുക്കരാസു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ജിഗർതണ്ട ഡബിൾ എക്‌സിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്റെ വരികൾക്ക് സന്തോഷ് നാരായണനാണ് സംഗീതം പകർന്നിരിക്കുന്നത്.