ജനങ്ങൾക്ക് ഏറ്റവും ശല്യമാകാറുള്ള മൃഗങ്ങളിലൊന്നാണ് കാട്ടുപന്നി. പലപ്പോഴും മനുഷ്യരെയും വളർത്തു മൃഗങ്ങളെയും ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികൾ എല്ലായിടത്തും ശല്യം തന്നെയാണ്. ഇങ്ങനെ അക്രമകാരികളായ കാട്ടു പന്നികൾ ലഹരി കൂടി നുകർന്നാലോ? എന്നാൽ അങ്ങനെയൊരു സംഭവമാണ് ഓസ്ട്രേലിയയിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മദ്യപിച്ച് പശുവുമായി തല്ലുകൂടാൻ ചെന്ന ഒരു പന്നിയാണ് വാർത്തയിൽ ഇടം പിടിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിലെ ഒരു കാടിന് സമീപം ക്യാമ്പ് ചെയ്ത വിനോദ സഞ്ചാരികളായ സംഘത്തിൽ നിന്നും ബിയർ മോഷ്ടിച്ച് കഴിക്കുകയായിരുന്നു കാട്ടു പന്നി. ആരും കാണാതെ 18 ക്യാൻ ബിയറാണ് പന്നി അകത്താക്കിയത്. മദ്യപിച്ച് ലക്കുകെട്ടതോടെ പന്നിയുടെ വിധം മാറി. ക്യാമ്പിന് ചുറ്റും ലക്കുകെട്ട് ഓടാൻ തുടങ്ങി. സമീപത്ത് നിന്നിരുന്ന പശുവിന് നേരെ പന്നി ഓടിയടുത്തു. നല്ല വലിപ്പമുള്ള പശുവായിരുന്നു അവിടെ നിന്നിരുന്നത്.
മദ്യത്തിന്റെ ലഹരിയിൽ പശുവിന്റെ വലിപ്പമൊന്നും പന്നിക്ക് വിഷയമായിരുന്നില്ല. അത് ഓടിയടുത്തു. എന്നാൽ പ്രതീക്ഷിച്ച തരത്തിൽ ഏറ്റുമുട്ടൽ ഉണ്ടായില്ല. പശുവിന്റെ അടുത്തെത്തിയ പന്നി വലിയ ശബ്ദത്തിൽ കാറുകയും പശുവിനെ ഭയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് മദ്യ ലഹരിയിൽ സമീപത്തുള്ള നദിയിലേക്ക് പന്നി ചാടുകയാണ് ഉണ്ടായതെന്ന് ക്യാമ്പ് ചെയ്തിരുന്ന സഞ്ചാരികൾ പറഞ്ഞു.