ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയും ജോധ്പൂർ മുൻ മേയറുമായ രാമേശ്വർ ദധിച്ച് ബിജെപിയിൽ ചേർന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ രാമേശ്വർ പത്രിക സമർപ്പിച്ചിരുന്നു. ഇത് പിൻവലിച്ചാണ് ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങളിലും തീരുമാനങ്ങളിലും ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു.
” പ്രധാനമന്ത്രിയുടെ പ്രവർത്തന രീതികൾ ഏറെക്കാലമായി തന്നെ ആകർഷിക്കുന്നുണ്ട്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നില്ലെങ്കിൽ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് സാധ്യമാകുമായിരുന്നില്ല. ഏതൊരു വിഷയത്തിലും ഉറച്ച തീരുമാനങ്ങൾ എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ് ബിജെപിയിൽ ചേരാൻ ആഗ്രഹിച്ചതെന്നും” രാമേശ്വർ പറയുന്നു.
കേന്ദ്രമന്ത്രിയും രാജസ്ഥാൻ തിരഞ്ഞെടുപ്പ് ചുമതലയുമുള്ള പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടിയിൽ ചേരുന്നത്. രാജസ്ഥാനിൽ നിന്ന് കോൺഗ്രസ് വിടപറയേണ്ട സമയം അതിക്രമിച്ചുവെന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വിമർശിച്ചു. കോൺഗ്രസ് പാർട്ടിയുടെ നയങ്ങളിലും അവർ നൽകുന്ന വ്യാജ വാഗ്ദാനങ്ങളിലും മനം മടുത്താണ് പലരും ബിജെപിയിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 25നാണ് രാജസ്ഥാൻ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ഡിസംബർ 3നാണ് വോട്ടെണ്ണൽ.