ഡൽഹി: ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലാൻഡ് തകർപ്പൻ വിജയം നേടിയതോടെ ലോകകപ്പിൽ പാകിസ്താന്റെ സെമിഫൈനൽ സാധ്യതകൾ അവസാനിച്ചതിന് തുല്യമാണ്. പാകിസ്താന് സെമി പ്രവേശനം സാധ്യമാക്കണമെങ്കിൽ അവർക്ക് മുന്നിൽ ഇനി ഒരേയൊരു വഴിമാത്രമാണ് അവശേഷിക്കുന്നത്. അതാകട്ടെ പാകിസ്താന് എള്ളുപ്പമല്ലതാനും. ഇപ്പോൾ, സെമിയിൽ പ്രവേശിക്കാനുള്ള വഴി കണ്ടെത്തുന്നതിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് പാക് ക്യാപ്റ്റൻ ബാബർ അസം. തങ്ങൾക്കൊരു പ്ലാൻ ഉണ്ടെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
‘ക്രിക്കറ്റിൽ എന്തും സംഭവിക്കാം. ടൂർണമെന്റ് മികച്ച രീതിയിൽ പൂർത്തിയാക്കാൻ ഞങ്ങൾ ശ്രമിക്കും. ഞങ്ങൾക്ക് നെറ്റ് റൺ റേറ്റിനായി ഒരു പ്ലാനുണ്ട്, അത് നടപ്പാക്കാൻ ശ്രമിക്കും. ആദ്യ 10 ഓവർ എങ്ങനെ കളിക്കണം, അതിനുശേഷം എന്തുചെയ്യണം എന്നതിനെക്കുറിച്ച് ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. ഫഖർ സമാൻ 20-30 ഓവർ കളിച്ചാൽ ഞങ്ങൾക്ക് ആവശ്യമുള്ളത് നേടാനാകും. ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് റിസ്വാൻ എന്നിവരുടെ റോളും മത്സരത്തിൽ നിർണായകമാകും’.
‘എനിക്ക് ഒരു സമ്മർദ്ദവുമില്ല. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ മികച്ച പ്രകടനം നടത്തുകയും ടീമിനെ നയിക്കുകയും ചെയ്തു. ടിവിയിൽ ഇരുന്നുകൊണ്ട് കാര്യങ്ങൾ പറയാൻ എളുപ്പമാണ്. എന്നെ ഉപദേശിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എന്റെ നമ്പറിൽ എന്നെ ബന്ധപ്പെടാം. ഇപ്പോൾ, എന്റെ ശ്രദ്ധ അടുത്ത മത്സരത്തിലാണ്. ക്യാപ്റ്റൻസിയുടെ ഭാവിയെക്കുറിച്ച് ഞാൻ പിന്നീട് ചിന്തിക്കും. ഞാൻ മത്സരത്തിന്റെ സാഹചര്യത്തിന് അനുസരിച്ചാണ് ബാറ്റ് ചെയ്യുന്നത്. ചിലപ്പോൾ സാഹചര്യങ്ങൾ ഞങ്ങളെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കില്ല. ഇന്ത്യയിൽ ഓരോ വേദിക്കും വ്യത്യസ്ത സാഹചര്യങ്ങളുണ്ട്. ഞങ്ങൾ ആദ്യമായാണ് ഇന്ത്യയിൽ പര്യടനം നടത്തുന്നത്’- ബാബർ അസം പറഞ്ഞു.
നിലവിൽ സെമിയിൽ കടക്കാൻ അപ്രാപ്യമായ ലക്ഷ്യമാണ് പാകിസ്താന് മുന്നിലുള്ളത്. അവശേഷിക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 287 റൺസിനോ അതിന് മുകളിലോ വലിയ ജയം നേടണം. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ 284 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം അടിച്ചെടുക്കണം. ഇതിൽ ഒന്ന് സംഭവിച്ചാൽ മാത്രമാവും പാകിസ്താന്റെ സെമി പ്രവേശനം. ശനിയാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് പാകിസ്താൻ-ഇംഗ്ലണ്ട് മത്സരം.