പോഷകമേന്മയിലും ഉൽപാദനശേഷിയിലും വമ്പനാണ് ഇലക്കറികൾ. വേഗം വളരുന്നവ ആയതിനാൽ കൃഷി ചെയ്യാനും വിളവെടുക്കാനും എളുപ്പമാണ്. കാലറി മൂല്യം കുറവായതിനാൽ വണ്ണം കുറയ്ക്കാനായി ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം. ഇലക്കറി പതിവാക്കുന്നവർക്കു ഹൃദ്രോഗവും കാൻസറും കുറവെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അനുവദിക്കുന്നു.
തഴുതാമ, ചേമ്പില, ചീര, വേലിച്ചീര, പച്ചച്ചീര, കൊടകൻ, മൈസൂർച്ചീര, മണിത്തക്കാളിയില, മത്തനില, കുമ്പളയില, തകരയില, പയറില, മുരിങ്ങയില മുതലായവ കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇലക്കറികളാണ്. ഇലക്കറികളുടെ ഗുണം നഷ്ടപ്പെടാതെ കഴിക്കാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കുകയേ വേണ്ടൂ. ഇലകൾ കറിയാക്കി കഴിക്കുന്നതിനേക്കൾ ആവിയിൽ വേവിക്കുന്ന പലഹാരങ്ങളിൽ ചേർത്ത് കഴിക്കുന്നത് ഗുണം കുറയാതിരിക്കാൻ സഹായിക്കും. പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാൻ ഈ രീതി അത്യുത്തമമാണ്.
കൊടങ്ങൽ, മുരിങ്ങയില, പയർ ഇല, ചീരയില തുടങ്ങിയ ഇലകളെല്ലാം ഗോതമ്പ് മാവിൽ ചേർത്ത് പുട്ട് തയാറാക്കി കഴിക്കാം. ആവിയിൽ പുഴുങ്ങുന്ന റാഗിപ്പുട്ട്, ഇലയട, ഇഡ്ഡലി ഇവയിലൊക്കെ ഇലകൾ ചെറുതായരിഞ്ഞ് ചേർക്കാം. സൂചി ഗോതമ്പ് , റവ എന്നിവ കൊണ്ട് തയാറാക്കുന്ന ഉപ്പുമാവിലും ഇലകൾ ചേർക്കാവുന്നതാണ്. ഇലകൾ ചേർത്ത മാവ് ഉപയോഗിച്ച് ദോശ, ചപ്പാത്തി എന്നിവ തയാറാക്കുന്നതും നല്ലതാണ്. ഇലകൾ അരച്ച് റാഗിപ്പൊടിയിൽ ചേർത്ത് കുറുക്കി കഴിക്കുന്നതും മികച്ച ഭക്ഷണമാണ്.