മലയാള സിനിമയിൽ പുതിയ പരീക്ഷണവുമായി എത്തുന്ന ചിത്രമാണ് ‘എക്‌സിറ്റ്’. വിശാഖ് നായരെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. തീർത്തും വ്യത്യസ്തമായ മേക്കോവറിലാണ് വിശാഖ് ചിത്രത്തിൽ എത്തുന്നത്. പൂർണ്ണമായും ചങ്ങലയിൽ ബന്ധിപ്പിച്ച് ഭയപ്പെടുത്തുന്ന രൂപഭാവത്തോടെയുള്ള വിശാഖിന്റെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘സ്ട്രഗിൾ ടു സർവൈവ്’ എന്ന ക്യാപ്ഷൻ ഉൾപ്പെടുത്തികൊണ്ടാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.
മലയോര മേഖലയിലെ വലിയ ഒരു വീട്ടിൽ കുടുങ്ങി പോകുന്ന നാലു ചെറുപ്പക്കാർ. അവർ അവിടെ നിന്നും രക്ഷപ്പെടാൻ നടത്തുന്ന സാഹസികമായ ശ്രമങ്ങൾ. എന്നിവയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാളത്തിന് പുറമേ തമിഴിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി വരുന്ന ചിത്രം മലയാളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വരുന്ന ആദ്യ സർവൈവൽ ആക്ഷൻ ഡ്രാമയാണ്. തീർത്തും സംഭാഷണങ്ങൾ ഇല്ലാതെ അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രമായാണ് എക്‌സിറ്റ് പ്രേഷകർക്കിടയിലേക്ക് എത്തുന്നത്.
ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്‌ലിൻ ജോസഫ്, പുതുമുഖതാരം ശ്രേയസ്, ഹരീഷ് പേരടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.















