എട്ട് ദിവസം തുടർച്ചയായി ഉറങ്ങി ഡോക്ടർമാരുടെ ഉറക്കം കെടുത്തി, ഒൻപതാം ദിവസം ഉണർന്നിരിക്കുകയാണ് ഒരു രോഗി. മുംബൈയിലെ വോക്കാർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയാണ് ഡോക്ടർാമരുടെ ഉറക്കം കെടുത്തിയത്.
ക്ലീൻ-ലെവിൻ സിൻഡ്രോം (KLS) പിടിപ്പെട്ട 26-കാരനാണ് ഒരാഴ്ചത്തെ ഉറക്കം കഴിഞ്ഞ് ഒൻപതാം ദിനം ഉണർന്നത്. ഭക്ഷണം കഴിക്കാനും ശൗചാലയത്തിൽ പോകാനും മാത്രമാണ് ക്ലീൻ-ലെവിൻ സിൻഡ്രോം പിടിപ്പെട്ടവർ ഉണരുന്നത്. കെഎൽഎസ് എന്നത് സങ്കീർണമായ ഒരവസ്ഥയാണെന്നും എന്താണ് ഇതിന് കാരണമെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് വോക്കാർട്ട് ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. പ്രശാന്ത് മഖീജ പറയുന്നത്.
എന്തെങ്കിലും വൈറസ്ബാധ കാരണമാകാം കെഎൽഎസ് പിടിപ്പെടുന്നത്. എന്നാൽ അത് ഉറപ്പിച്ച് പറയാൻ കഴിയില്ല. കെഎൽഎസിന് പ്രത്യേക പരിശോധനകൾ ഇല്ല. മറ്റ് രോഗങ്ങൾ ഒന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പിക്കാനേ കഴിയൂ. പലപ്പോഴും 12 മുതൽ 25 വയസിനിടയിലുള്ളവർക്കാണ് ഈ അവസ്ഥ കാണപ്പെടുന്നതെന്നും ചില അവസരത്തിൽ പ്രായം കൂടിയവരിലും കണ്ടുവരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലരിലും ഇത് തനിയെ ഭേദമാകാറുണ്ട്.
കെഎൽഎസ് പിടിപ്പെട്ടവർ പ്രതിദിനം 20 മണിക്കൂർ വരെ ഉറങ്ങുന്നു. ഇക്കാരണത്താൽ ‘സ്ലീപ്പിംഗ് ബ്യൂട്ടി സിൻഡ്രോം’ എന്ന് ഈ അവസ്ഥയെ വിളിക്കാറുണ്ട്. ഈ രോഗം സ്വാഭാവത്തിനെയും മറ്റും ബാധിക്കുന്നു. പുരുഷന്മാരെയാണ് ഈ രോഗം അധികവും ബാധിക്കുന്നത്. KLS-ന്റെ ലക്ഷണങ്ങൾ വർഷങ്ങളോളം പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യും.
അമിതമായ ഉറക്കം, ക്ഷീണം, ഭ്രമാത്മകത, അമിതമായ ലൈംഗികാസക്തി, ക്ഷോഭം, ബാലിശമായ പെരുമാറ്റം, വിശപ്പ് വർദ്ധിക്കൽ തുടങ്ങിയവയൊക്കെ കെഎൽഎസിന്റെ ലക്ഷണങ്ങളാണ്. ഒരു എപ്പിസോഡ് നടക്കുന്ന സമയത്ത് തലച്ചോറിന്റെ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നു. എന്താണ് സംഭവിച്ചതെന്നോ സംഭവിക്കുന്നതെന്നോ അവർക്ക് ഓർമ്മയില്ലാതെ വരുന്നു.
ഉറക്കം, വിശപ്പ്, ശരീര താപനില എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹൈപ്പോതലാമസിനുണ്ടാകുന്ന ക്ഷതം സ്ലീപ്പിംഗ് ബ്യൂട്ടി സിൻഡ്രോമിന്റെ കാരണമാകാം. ഇൻഫ്ലുവൻസ് പോലുള്ള അണുബാധയ്‌ക്ക് ശേഷം കെഎൽഎസിനുള്ള സാധ്യത കൂടുതലാണ്. ജനിത മാറ്റങ്ങളും പാരമ്പര്യമായും ഈ രോഗം കൈമാറ്റം ചെയ്യപ്പെടാം.















