‘ടൈഗർ 3’യുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ ആരാധകർ പടക്കം പൊട്ടിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ സൽമാൻ ഖാൻ. തിയേറ്ററിൽ പടക്കം പൊട്ടിക്കുന്നത് അപകടകരമാണെന്ന് സൽമാൻ ഖാൻ പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു സൽമാന്റെ പ്രതികരണം. ‘ടൈഗർ 3-യുടെ പ്രദർശനത്തിനിടെ തിയേറ്ററുകൾക്കുള്ളിൽ പടക്കം പൊട്ടിച്ചതിനെക്കുറിച്ച് കേൾക്കാനിടയായി. ഇത് അപകടകരമാണ്. നമ്മളേയും മറ്റുള്ളവരെയും അപകടത്തിലാക്കാതെ സിനിമ ആസ്വദിക്കാം. സുരക്ഷിതരായി ഇരിക്കുക..!’ – എന്ന് സൽമാൻ ഖാൻ കുറിച്ചു.
അതേസമയം ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം എത്തിയ സൽമാൻ ഖാൻ ചിത്രം ടൈഗർ 3-ക്ക് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. എന്നാൽ ചിത്രം തീയേറ്റിൽ റിലീസ് ചെയ്തതോടെ ആരാധകരുടെ ആഹ്ലാദപ്രകടനങ്ങൾ അതിരു കടക്കുകയായിരുന്നു. സൽമാനെ കണ്ട ആവേശത്തിൽ ആരാധകർ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചു. ഇതോടെ കാണികൾ ഭയന്നു വിറച്ച് ഓടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
മാസ് ലുക്കിൽ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കണ്ടതോടെ മാലേഗാവിലെ ആരാധകർ തിയേറ്ററിനകത്ത് പടക്കവും പൂത്തിരിയും കത്തിക്കുകയായിരുന്നു. നാസിക്കിലെ മോഹൻ തിയേറ്ററിലെ ആരാധകരും സകല നിയന്ത്രണംവിട്ടുള്ള തരത്തിലായിരുന്നു ആഘോഷം. പടക്കം പൊട്ടിത്തെറിക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ശ്രമിക്കുന്നതും സമൂഹമാദ്ധ്യമത്തിൽ വൈറലായ വീഡിയോയിൽ കാണാവുന്നതാണ്. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.
യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. കത്രീന കൈഫ് ആണ് നായിക. ചിത്രത്തിലെ വമ്പൻ സംഘട്ടനരംഗത്ത് അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുന്നുണ്ട്. ഇമ്രാൻ ഹാഷ്മിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ടൈഗർ ചിത്രങ്ങളുടെ ശ്രേണിയിലെ മൂന്നാമത്തേതും യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ അഞ്ചാമത്തേയും ചിത്രമാണ് ടൈഗർ 3. മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.















