ഹവായിൽ മൗയിലെ ദേശീയ വന്യ ജീവി സങ്കേതത്തിലൂടെ ഒഴുകുന്ന കേലിയ തടാകത്തിന്റെ മാറ്റം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പെട്ടെന്ന് ഒരു ദിവസം തടാകത്തിലെ വെള്ളം പിങ്ക് നിറമായി മാറിയിരിക്കുകയാണ്. തടാകത്തിലെ ജലത്തിന്റെ മാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ശാസ്ത്രജ്ഞരും. ഈ പ്രതിഭാസത്തിന്റെ കാരണം അജ്ഞാതമായി തുടരുന്നതിനാൽ വിനോദസഞ്ചാരികളോട് നദിയിൽ ഇറങ്ങരുതെന്നും നദിയിലെ വെള്ളം കുടിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.
ആൽഗെകാരണമാവാം ഈ പ്രതിഭാസമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ ഉയർന്ന അളവിൽ ലവണാംശമുള്ള ജലാശയങ്ങളിൽ കണ്ട് വരുന്ന ഹാലോബാക്ടീരിയയുടെ സാന്നിധ്യമാണ് ജലത്തിന്റെ നിറമാറ്റത്തിന് കാരണമെന്നാണ് നിലവിലെ വിലയിരുത്തൽ. ഇതിൽ സ്ഥിരീകരണമില്ല. ബാക്ടീരിയകൾ പൊതുവേ അപകടകാരികളല്ല. മനുഷ്യ ശരീരത്തിൽ അവക്ക് നിലനിൽക്കാൻ കഴിയില്ല. എന്നാലും തടാകത്തിൽ നിന്നും മീൻ പിടിക്കുന്നതിനും ജലമെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സാധാരണയായി വരൾച്ചയുടെ ഭാഗമായി തടാകങ്ങളിൽ നിറവ്യത്യാസം ഉണ്ടാവാറുണ്ട്. എന്നാൽ കേലിയ തടാകത്തിൽ ഇതിന് മുൻപ് ഇത്തരത്തിലുള്ള ഒരു മാറ്റം ഇത് വരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ആ സാധ്യതയും അധികൃതർ തള്ളുകയാണ്. ജലാശയത്തിന്റെ ഈ മാറ്റത്തിനുള്ള കാരണം കണ്ടെത്താൻ ഗവേഷകരും ശാസ്ത്രജ്ഞരും നിരീക്ഷണം നടത്തിവരുകയാണ്. നിരവധി വിനോദസഞ്ചാരികളാണ് ഈ പ്രതിഭാസം കാണാൻ വന്യ ജീവി സങ്കേതത്തിൽ എത്തിച്ചേരുന്നത്.