തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ട രജിസ്ട്രേഷൻ വൃശ്ചികപ്പിറവിയായ 17-ന് രാവിലെ എട്ടിന് ആരംഭിക്കും. 2012 ഫെബ്രുവരി 19-നും 2014 ഫെബ്രുവരി 19-നും ഇടയിൽ ജനിച്ച ബാലന്മാരെയാണ് കുത്തിയോട്ട വ്രതത്തിനായി പരിഗണിക്കുന്നത്. ഓൺലൈൻ വഴിയും ട്രസ്റ്റ് ഓഫീസിൽ നേരിട്ടും രജിസ്ട്രേഷൻ നടത്താം. വിവരങ്ങൾക്ക് ട്രസ്റ്റിന്റെ വെബ്സൈറ്റായ www.attukal.org സന്ദർശിക്കുക. ഫോൺ: 0471-2778900.
ഉത്സവത്തിന്റെ മൂന്നാംനാൾ മുതലാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. 10 മുതൽ 12 വയസുവരെയുള്ള ബാലന്മാർക്കാണ് വ്രതമെടുക്കാനുള്ള അവസരം. കഴിഞ്ഞ തവണ 743 ബാലന്മാരാണ് വ്രതമെടുത്തത്. പൊങ്കാല മഹോത്സവം ഫെബ്രുവരി 17 മുതൽ 26 വരെ നടക്കും. 25-നാണ് പൊങ്കാല.
പൊങ്കാല ഉത്സവത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. കെ.ശിശുപാലൻനായർ (ജനറൽ കൺവീനർ), വിജയകുമാർ എ.എൽ (ജോയിന്റ് ജനറൽ കൺവീനർ), ആർ.രവീന്ദ്രൻനായർ, വി.ഹരികുമാർ, കെ.ശ്രീകുമാരൻനായർ, ആർ.രാജൻനായർ, അജിത്കുമാർ. സി, നിഷ പി.നായർ, ചിത്രലേഖ. ഡി, ശോഭന. എസ്, രാജേശ്വരി അമ്മ.എൽ (സബ് കമ്മിറ്റി കൺവീനർമാർ).