ന്യൂഡൽഹി: ഐഎസ്ആർഒയും നാസയും ചേർന്ന് വികസിപ്പിക്കുന്ന ലോ എർത്ത് ഓർബിറ്റ് ഒബ്‌സർവേറ്ററിയായ നിസാറിന്റെ ട്രയൽ പൂർത്തിയായതായി നാസ. 21 ദിവസം നീണ്ട് നിന്ന നിസാറിന്റെ ട്രയൽ ബെംഗളൂരുവിൽ വച്ചായിരുന്നു നടന്നത്.
‘നിസാർ 21 ദിവസത്തെ ട്രയൽ പൂർത്തിയാക്കി, രണ്ട് റഡാർ സിസ്റ്റങ്ങളുടെ ആന്റിനകളിൽ നിന്നുള്ള റേഡിയോ സിഗ്‌നലുകൾ ഇതിനെ മറികടന്നതായി എഞ്ചിനീയർമാർ കണ്ടെത്തി. വാക്വം ചേമ്പറിലാണ് 21 ദിവസത്തെ ട്രയൽ നടത്തിയത്, പരീക്ഷണത്തിൽ നിന്നും പേടകത്തിന് ഏത് താപനിലയിലും ബഹിരാകാശത്ത് പ്രവർത്തിക്കാൻ കഴിയുമെന്ന് തെളിയിച്ചു’ – നാസ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നിസാർ 12 ദിവസത്തിനുള്ളിൽ ഭൂമിയുടെ മുഴുവൻ ആകാശ ദൃശ്യം ചിത്രീകരിക്കും. ഭൂകമ്പങ്ങൾ, സുനാമികൾ, അഗ്നിപർവ്വത സ്‌ഫോടനങ്ങൾ, മണ്ണിടിച്ചിൽ എന്നിവ ഉൾപ്പെടെയുള്ള അപകടങ്ങളെയും ഭൂമിയുടെ ആവാസവ്യവസ്ഥ, മഞ്ഞ്, സസ്യങ്ങൾ, സമുദ്രനിരപ്പ് ഉയരം, ഭൂഗർഭജലനിരപ്പ് തുടങ്ങിയവയിലെ മാറ്റങ്ങളും മനസിലാക്കി വിവരങ്ങൾ എത്തിക്കുകയും ചെയ്യും. ഐഎസ്ആർഒയും നാസയും ചേർന്ന് 2024 പകുതിയോടെ ഈ ദൗത്യം പൂർത്തിയാക്കും.
ലോകത്തെ ഏറ്റവും ചെലവേറിയ എർത്ത് ഇമേജിംഗ് സാറ്റലൈറ്റ് ഉപയോഗിച്ച് ഇന്ത്യയും യുഎസും സംയുക്തമായി നടത്തുന്ന പഠനമാണ് നിസാർ. അതിന്റെ അവസാനഘട്ടത്തിലാണ് ഇസ്രോയും നാസയും. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പഠനമാണിത്.