തിരുവനന്തപുരം: ചരിത്രപ്രാധാന്യമുള്ള പൂജപ്പുരയിലെ നവരാത്രി കൽമണ്ഡപം രാഷ്‌ട്രീയ പ്രചരണ വേദിയാക്കി സിപിഎം. സരസ്വതി ദേവീക്ഷേത്രത്തോട് ചേർന്ന് നവകേരള സദസിന്റെ സംഘാടക സമിതി ഓഫീസ് നിർമ്മിച്ചിരിക്കുകയാണ് പാർട്ടി. ശബരിമല മണ്ഡല കാലത്ത് അയ്യപ്പഭക്തർ ഭജനയും പൂജയും നടത്തുന്നയിടത്താണ് സിപിഎമ്മിന്റെ കയ്യേറ്റം.
കൽമണ്ഡപത്തെ സിപിഎമ്മിന്റെ ഓഫീസാക്കി മാറ്റിയതിൽ പ്രതിഷേധവുമായി ഭക്തജനങ്ങൾ എത്തിയിരുന്നു. എന്നാൽ ഇവരെ ഭീഷണിപ്പെടുത്തിയായിരുന്നു സിപിഎമ്മിന്റെ നടപടി. പ്രമുഖ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശവാസികളെയും ഭക്തരെയും ഭീഷണിപ്പെടുത്തിയത്.
‘മണ്ഡപം ഞങ്ങൾ വാടകയ്‌ക്ക് കൊടുക്കാൻ തീരുമാനിച്ചു. ഇനി ക്ഷേത്രത്തിന് വേണ്ടി ആരും ഇവിടെ ഒന്നും ചെയ്യേണ്ട’ എന്നായിരുന്നു മറ്റൊരു സിപിഎം നേതാവ് പറഞ്ഞത്. ക്ഷേത്രങ്ങൾക്ക് സമീപം കൊടി കയറ്റാനോ രാഷ്‌ട്രീയ പാർട്ടികളുടെയോ മറ്റോ യോഗങ്ങൾ നടത്താനോ പാടില്ലെന്ന ദേവസ്വം ബോർഡിന്റെ വിലക്ക് നിലനിൽക്കുന്നതിനിടെയാണ് സിപിഎം രാഷ്‌ട്രീയ പ്രചരണ വേദി കെട്ടിപ്പൊക്കിയത്.
മണ്ഡലകാലത്ത് കതിർമണ്ഡപത്തിൽ സ്ഥിരമായി അയ്യപ്പ ഭജനയും പൂജയും ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. വർഷങ്ങളായി നടത്തിവരുന്ന അയ്യപ്പപൂജയും ഭജനയും മുടക്കുകയെന്ന ഗൂഢലക്ഷ്യമാണ് സിപിഎം നീക്കത്തിന് പിന്നിലെന്നാണ് ഭക്തർ ആരോപിക്കുന്നത്. തിരുവിതാംകൂർ ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമയാണ് ഈ കൽമണ്ഡപവും ക്ഷേത്രവും നിർമ്മിച്ചതെന്നാണ് വിശ്വാസം. കാൽനൂറ്റാണ്ടായി പൂജവെപ്പ് മഹോത്സവം നടക്കുന്നതും വിജയദശമി ദിനത്തിൽ ചെങ്കള്ളൂർ മഹാദേവ സന്നിധിയിൽ നിന്ന് കാവടി ഘോഷയാത്ര കൽമണ്ഡപത്തിലെത്തിയാണ് കാവടിയഭിഷേകം നടത്തുന്നത്.















