കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കി ഓസ്ട്രേലിയയുടെ പേസ് പട. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 49. 4 ഓവറിൽ ഓൾ ഔട്ടാകുകയായിരുന്നു. ഹെന്റിച്ച് ക്ലാസന്റെയും ഡേവിഡ് മില്ലറിന്റെയും പ്രകടനമാണ് ദക്ഷിണഫ്രിക്കയ്‌ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
ആദ്യ ഓവറിൽ തന്നെ മിച്ചൽ സ്റ്റാർക്കിലൂടെ ആദ്യ വിക്കറ്റ് എടുത്ത് ദക്ഷിണാഫ്രിക്കയെ ഓസീസ് വിറപ്പിച്ചു. ടെമ്പ ബാവുമ (0) ആയിരുന്നു ആദ്യ ഇര. തകർപ്പൻ ഫോമിലുള്ള ക്വിന്റൺ ഡീകോക്കിനെ (3) ആറാം ഓവറിൽ ജോഷ് ഹേസിൽവുഡ് പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക സമ്മർദ്ദത്തിലേക്ക് വീണു. 31 പന്തിൽ നിന്നും 6 റൺസെടുത്ത റാസി വാൻഡർ ദസന്റെ വിക്കറ്റും ഹേസിൽവുഡിനായിരുന്നു.
പിന്നാലെ, മാർക്രത്തെ 10 റൺസിൽ മിച്ചൽ സ്റ്റാർക്ക് വീഴ്‌ത്തിയതോടെ ദക്ഷിണാഫ്രിക്ക തകർന്ന് തുടങ്ങി. ഓസിസ് പേസ് പടയുടെ മുന്നിൽ പതറിപ്പോയ ദക്ഷിണാഫ്രിക്കയെ വീഴാതെ പിടിച്ചു നിർത്തിയത് ഹെന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേർന്നാണ്. 101 റൺസടുത്ത ഡേവിഡ് മില്ലറെ പാറ്റ് കമ്മിൻസും 47 റൺസെടുത്ത ഹെന്റിച്ച് ക്ലാസനെ ട്രവിസ് ഹെഡും എറിഞ്ഞിട്ടതോടെ ദക്ഷിണാഫ്രിക്കയുടെ ഇന്നിം?ഗ്‌സ് ഏതാണ്ട് അവസാനിക്കുകയായിരുന്നു.
മാർക്കോ ജാൻസൺ (0), ഗെർലാഡ് (19), കേശവ് മഹാരാജ് (4), കഗീസോ റബാഡ (10) എന്നിവരും ഔട്ട് ആയതോടെ 49. 4 ഓവറിൽ ഓൾ ഔട്ടായി ക്രീസിൽ നിന്നും ദക്ഷിണാഫ്രിക്കൻ ടീം മടങ്ങി. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും ജോഷ് ഹേസിൽ വുഡും ട്രാവിസ് ഹെഡും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.