തിരുവനന്തപുരം: 65-കാരന് എഐ ക്യാമറ പിഴയിട്ടത് 310 തവണ. നിരവധി തവണ നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കിയെങ്കിലും നോട്ടീസ് അയക്കാത്തതിനെ തുടർന്ന് വെട്ടിലായിരിക്കുകയാണ് തിരുവനന്തപുരം കാട്ടാക്കട സ്വദേശി അഗസ്റ്റിൻ. ഏകദേശം ഒന്നര ലക്ഷം രൂപയാണ് പിഴ തുക.
ഇത്രയധികം തവണ പിഴ ഈടാക്കിയിട്ടും നോട്ടീസ് ലഭിക്കാത്തതിനാൽ അഗസ്റ്റിൻ ഇക്കാര്യം അറിഞ്ഞിരുന്നില്ല. കിള്ളി എട്ടിരുത്തിയിലെ ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അഗസ്റ്റിൻ. മകന്റെ പേരിലുള്ള ബൈക്കിലാണ് ഇയാൾ ബേക്കറിയിലേക്കും ഫുഡ് ഡെലിവറിക്കായും ഉപയോഗിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ബൈക്കിന് പെറ്റി വല്ലതും ലഭിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനായി പരിശോധിച്ചപ്പോഴാണ് 310 തവണ പെറ്റി ലഭിച്ചതായി തിരിച്ചറിഞ്ഞത്. ഒന്നര ലക്ഷത്തിലേറെ തുകയാണ് എഐ ക്യാമറ ചുമത്തിയിരിക്കുന്നത്. എത്രയും പെറ്റി ലഭിച്ചിട്ടും നോട്ടീസ് ലഭിക്കാതിരുന്നതാണ് നിയമലംഘനത്തിന് കാരണമായതെന്ന് അഗസ്റ്റിൻ പറയുന്നു. ദാരിദ്ര്യം കാരണം മരുന്ന് വാങ്ങുന്നതിന് വേണ്ടിയാണ് ഹൃദ്രോഗിയായ താൻ ബേക്കറിയില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നതെന്നാണ് അഗസ്റ്റിൻ പറയുന്നത്. ഇത്ര വലിയ തുക എങ്ങനെ കണ്ടെത്തുമെന്നുള്ള ആശങ്കയും അദ്ദേഹത്തിനുണ്ട്.