കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ആനയോട് സ്വദേശി കണ്ണതറപ്പിൽ ബിബിന്റെ കാർ ആണ് അഗ്നിക്കിരയായത്.
മലപ്പുറം രജിസ്ട്രേഷനിലുള്ള മാരുതി 800 കാർ ആണ് അപകടത്തിൽപ്പെട്ടത്. തിരുവമ്പാടി കാറ്റാടിന് സമീപമായിരുന്നു സംഭവം. സർവീസ് സ്റ്റേഷനിൽ നിന്നും അടുത്തിടെ സർവീസ് ചെയ്ത് പുറത്തിറക്കിയ കാറാണിത്. ബോണറ്റിൽ നിന്നും പുക ഉയരുകയും എഞ്ചിന്റെ ഭാഗത്ത് നിന്നും തീ പടരുകയുമായിരുന്നു.
തീ പടർന്ന് പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി ബിബിനും കുടുംബവും ഇറങ്ങിയോടി. പ്രദേശവാസികളാണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. പിന്നാലെ മുക്കത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.