ശരീരഭാരം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് ഭൂരിഭാഗം പേരും. പലരുടെയും സ്വപനമാണ് മെലിഞ്ഞ ശരീരം. എന്നാൽ അൽപ്പം ശ്രദ്ധ കൊടുത്താൽ ശരീരഭാരത്തെ നിയന്ത്രിക്കാവുന്നതാണ്. ആഹാരം, ഉറക്കം, വ്യായമം തുടങ്ങിയവ പ്രധാനമാണ്. ഇവയ്ക്കൊപ്പം ഇനി പറയുന്ന ഈ പാനീയങ്ങൾ കൂടി രാവിലെ കുടിക്കുന്നത് ഭാര നിയന്ത്രണത്തിൽ സഹായിക്കും.
അയമോദക വെള്ളം
ഭാര നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിവുള്ളതാണ് അയമോദകം. വെറുവയറ്റിൽ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊഴുപ്പിനെ നിയന്ത്രിക്കുന്നു. ഇതിന് പുറമേ വെറും വയറ്റിൽ അയമോദക വെള്ളം കുടിക്കുന്നത് ദഹനക്കേട് കുറയ്ക്കുന്നതിനും അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മികച്ചതാണ്.
ഇഞ്ചി ചായ
നിരവധി ഗുണങ്ങളുള്ള ഇഞ്ചി ചായ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കാനും സന്ധിവാതം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവയുടെ സാധ്യതയെ കുറയ്ക്കാനും സഹായിക്കുന്നു. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചർമസംരക്ഷണത്തിനും ഇഞ്ചി ചായ സഹായിക്കുന്നു.
നാരങ്ങാ വെള്ളം
വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി സമ്പന്നമായ നാരങ്ങാ രോഗങ്ങളെ ചെറുക്കുന്നതിനും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.
മല്ലി വെള്ളം
വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇതിന് പുറമേ ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുകയും മുഖക്കുരു, ചർമ്മ പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ, ഈ പാനീയത്തിലെ ആന്റിഫംഗൽ ഗുണങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും അലർജികളെയും പുറന്തള്ളാൻ സഹായിക്കുന്നു. വയറിന്റെ ആരോഗ്യത്തിനും മെച്ചപ്പെട്ട ദഹനത്തിനും മല്ലി വെള്ളം സഹായിക്കും. തലേന്ന് രാത്രിയിൽ വെള്ളത്തിൽ മല്ലിയിട്ട് കുതിർത്ത് രാവിലെ വെളളം കുടിക്കാവുന്നതാണ്.
ജീരക വെള്ളം
ദിവസവും ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് ഗണ്യമായി കുറയ്ക്കുന്നു. മെച്ചപ്പെട്ട ഇൻസുലിൻ സംവേദനക്ഷമതയും വയറിന്റെ വലുപ്പവും കുറയ്ക്കുന്നു. ക്യാൻസർ പോലുള്ള രോഗങ്ങൾക്കും ജീരകവെള്ളം ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പൊട്ടാസ്യത്തിന്റെയും ഇരുമ്പിന്റെയും ഉറവിടമാണ് ജീരകം. രാത്രിയിൽ കുതിർത്തി രാവിലെ തിളപ്പിച്ച് അരിച്ച് കുടിക്കാവുന്നതാണ്.