കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണകാരണം പുറത്ത്. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കാറ് സ്റ്റാർട്ട് ചെയ്ത ശേഷം എസി ഓണാക്കി ഗ്ലാസ് പൂട്ടിയായിരുന്നു കാറിനുള്ളിൽ വിനോദ് ഇരുന്നത്. ഇതിനിടെ മയക്കം സംഭവിച്ചപ്പോൾ വിഷവാതകം ശ്വസിച്ച് മരണം സംഭവിക്കുകയായിരുന്നു എന്നാണ് അനുമാനം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ് മോർട്ടം നടന്നത്.
വിനോദിന്റെ സംസ്‌കാരം ചൊവ്വാഴ്ച മുട്ടമ്പലം പൊതുശ്മശാനത്തിൽ നടക്കും. കോട്ടയം പാമ്പാടിയിലെ ബാറിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ വിനോദിനെ ഹോട്ടൽ ജീവനക്കാരാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് കാറിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ അസ്വഭാവികമായി ഒന്നും തന്നെ കാറിൽ കണ്ടെത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസവും വിനോദിനെ മണിക്കൂറുകളോളം കാറിൽ ഇരിക്കുന്നതായി ഹോട്ടൽ ജീവനക്കാർ കണ്ടിരുന്നു. ഇന്നലെ രണ്ട് മണിമുതൽ കാർ സ്റ്റാർട്ടാക്കിയ ശേഷമായിരുന്നു നടൻ കാറിനുള്ളിൽ ഇരുന്നത്. മണിക്കൂറുകൾ കഴിഞ്ഞും വിനോദിനെ കാണാത്തതോടെയാണ് ജീവനക്കാർ അന്വേഷിച്ചത്. തുടർന്നാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തട്ടി വിളിച്ചിട്ടും വിനോദ് കാർ തുറന്നില്ല. ഇതേതുടർന്ന് ഹോട്ടൽ ജീവനക്കാർ വിവരം മറ്റുള്ളവരെ അറിയിച്ചു. കാറിന്റെ ചില്ല് പൊട്ടിച്ചാണ് പുറത്തെത്തിച്ചത്.















