കോഴിക്കോട്: ദേശീയപാത ബൈപ്പാസിൽ കോരപ്പുഴ പാലത്തിന് സമീപം കാറിടിച്ച് 18കാരന് ദാരുണാന്ത്യം. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്.
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ രക്തം വാർന്ന് കിടന്ന ഫർസീനെ ഏകദേശം 25 മിനിറ്റോളം ആരും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. തിരക്കേറിയ ദേശീയപാതയിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോയിട്ടും സഹായിക്കാൻ ആരും തയ്യാറാകാത്തതും സംഭവത്തിൽ ഞെട്ടലുണ്ടാക്കുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അത്തോളിയിലെ സ്വകാര്യ ദന്താശുപത്രിയിൽ പോയി പല്ലിന്റെ ക്ലിപ്പ് ശരിയാക്കിയ ശേഷം കാപ്പാടുള്ള വല്യമ്മയെ കണ്ട് മടങ്ങുന്നതിനിടെയാണ് ഫർസീൻ അപകടത്തിൽപ്പെട്ടത്. അതേ ദിശയിൽ പിന്നിൽനിന്നെത്തിയ കാർ ഫർസീൻ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫർസീൻ എതിർദിശയിൽനിന്ന് എത്തിയ മറ്റൊരു കാറിനടിയിലേക്ക് വീണു.
ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ ഫർസീൻ റോഡിൽ കിടന്നു. അപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാനോ അടിയന്തര സഹായം നൽകാനോ പലരും തയ്യാറായില്ലെന്നാണ് വിവരം. ചിലർ പരിക്കേറ്റ യുവാവിനെ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്.
തൊഴിലാളികളും ചില യാത്രക്കാരും വിവരം അറിയിച്ചതിനെ തുടർന്നാണ് ഏകദേശം 25 മിനിറ്റിന് ശേഷം ആംബുലൻസ് സ്ഥലത്തെത്തിയത്. തുടർന്ന് ഫർസീനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഉച്ചയോടെ മരിച്ചു.
ഫർസീന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം, ഫർസീനെ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.














