ഇസ്ലാമാബാദ്: അഫ്ഗാൻ അഭയാർത്ഥികൾക്കെതിരെ കടുത്ത നടപടിയുമായി പാകിസ്താൻ. രേഖകളില്ലാത്ത അഫ്ഗാൻ അഭയാർത്ഥികൾ രാജ്യം വിടണമെന്ന് പാകിസ്താൻ സർക്കാർ ആവശ്യപ്പെട്ടു. സുരക്ഷാ പ്രശ്നങ്ങളാണ് നടപടി കാരണമായി പാകിസ്താൻ ചൂണ്ടിക്കാട്ടുന്നത്. അഫ്ഗാൻ പൗരന്മാർ രാജ്യത്തിനകത്ത് വലിയ തോതിൽ അക്രമങ്ങളിൽ പങ്കെടുക്കുന്നതായി ആഭ്യന്തര മന്ത്രി സർഫ്രാസ് ബുഗ്തി ആരോപിച്ചു. അഫ്ഗാനിലെ താലിബാൻ ഇവർക്ക് സുരക്ഷിത താവളം ഒരുക്കുന്നതായും സർക്കാർ ആരോപിച്ചു.
രേഖകളില്ലാത്ത എല്ലാ കുടിയേറ്റക്കാരും നവംബർ 1-നകം രാജ്യം വിടണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നടപടി നീട്ടിവെക്കുകയായിരുന്നു. അതേസമയം, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്. ഭക്ഷണം അടക്കമുള്ളവയിൽ പ്രതിസന്ധി നേരിടുന്ന പാകിസ്താന് അഫ്ഗാൻ പൗരന്മാരെ കൂടി ഉൾകൊള്ളാനുള്ള അവസ്ഥയില്ലെന്നാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം.
ഏകദേശം 1.17 ബില്യൺ അഫ്ഗാനികളാണ് പാകിസ്താനിലുള്ളത്. ദീർഘകാലമായി ഇവിടെ താമസിക്കുന്നവരെയും തീരുമാനം ബാധിക്കും. വീടും സ്വത്തുക്കളും ഉപേക്ഷിച്ച് രാജ്യം വിടാൻ ഇവർ നിർബന്ധിതരായിക്കഴിഞ്ഞു. അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നത് ഇതാദ്യമല്ല. മുൻപ് നടന്ന ഒഴിവാക്കലിൽ ലക്ഷക്കണക്കിന് ആളുകൾ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയിരുന്നു. അഭയാർത്ഥികൾക്ക് ഒരാൾക്ക് 50,000 രൂപ മാത്രമേ കൈയിൽ കൊണ്ടുപോകാൻ സാധിക്കു എന്നാണ് സർക്കാർ നിബന്ധന.