ഹൊറർ സിനിമകൾ കാണാൻ ഇഷ്ടമുള്ളവർ കാണുന്ന ചിത്രങ്ങളിൽ പ്രധാനമാകും ‘സോംബി’ സിനിമകൾ. പലപ്പോഴും സിനിമകളിലൂടെയും അല്ലാതെയും സോംബി എന്ന വാക്ക് നാം കേട്ടിരിക്കും. എന്നാൽ ഇത്തരമൊരു രോഗത്തെ കുറിച്ച് നിങ്ങൾക്ക് അറിയാമോ?
യുഎസിലെ യെല്ലോസ്‌റ്റോൺ ദേശീയോദ്യാനത്തിലാണ് മാനുകളിൽ സോംബി രോഗം ( zombie deer disease) കാണപ്പെട്ടിരിക്കുന്നത്. യെല്ലോസ്‌റ്റോൺ ദേശീയോദ്യാനത്തിലെ ഒരു മ്ലാവിൽ ഈ രോഗം റിപ്പോർട്ട് ചെയ്‌തെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. WGFD വന്യജീവി ആരോഗ്യ ലബോറട്ടറിയിൽ നടത്തിയ പഠനത്തിലാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ മ്ലാവിൽ കണ്ടെത്തിയിരിക്കുന്നത്.
എന്താണ് സോംബി ഡീർ രോഗം?
ക്രോണിക് വേസ്റ്റിംഗ് ഡിസീസ് എന്ന രോഗമാണ് സോംബി ഡീർ ഡിസീസ് എന്നും അറിയപ്പെടുന്നത്. മൃഗങ്ങളിലെ തലച്ചോറിൽ വരുന്ന തകരാറുകളെയാണ് ഈ രോഗം സൂചിപ്പിക്കുന്നത്. പിന്നീട് ഈ അവസ്ഥ സ്വഭാവ മാറ്റങ്ങൾക്കും വഴിവെയ്‌ക്കുന്നു. രോഗാവസ്ഥ മൂർച്ഛിച്ചാൽ മരണം വരെ സംഭവിച്ചേക്കാം. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് നേരിട്ടുള്ള സമ്പർക്കം വഴി രോഗം പകരുമെന്നാണ് കണ്ടെത്തൽ. പെട്ടന്നുള്ള ഭാരം കുറയൽ, അലസത, ഇടർച്ച തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇതുവരെ ഈ രോഗത്തിന് വാക്‌സിൻ കണ്ടുപിടിച്ചിട്ടില്ലയെന്നും വിദഗ്ധർ വ്യക്തമാക്കി.















