ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർ വിരാട് കോലിയാണെന്ന് മുൻ ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീ. ഏകദിന ക്രിക്കറ്റിലെ താരത്തിന്റെ പ്രകടനങ്ങൾ വിലയിരുത്തിയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോക്സ് ക്രിക്കറ്റിനോടാണ് ലീ ഇക്കാര്യം വ്യക്തമാക്കിയത്.
ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റിന് അർഹനായത് വിരാടായിരുന്നു. 11 ഇന്നിംഗ്സുകളിലായി 95.62 ശരാശരിയിൽ 765 റൺസാണ് ലോകകപ്പിലെ കോലിയുടെ സമ്പാദ്യം.മൂന്നു സെഞ്ച്വറികളും ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഉൾപ്പെടെയായിരുന്നു ഇത്. വിരാട് കോലിയുടെ പേരിലാണ് ഏകദിനത്തിലെ ഏറ്റവും കൂടുതൽ സെഞ്ച്വറികളുള്ളത്. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ വിലയിരുത്തിയാൽ ഏകദിനത്തിലെ എക്കാലത്തെയും മികച്ച ബാറ്ററാണെന്ന് മനസിലാകും.
ഞാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ വലിയ ആരാധകനാണ്. അദ്ദേഹം ക്രിക്കറ്റ് കളിച്ചിരുന്ന രീതിയും എനിക്ക് വളരെ ഇഷ്ടമാണ്. സച്ചിന്റെ നേട്ടത്തിനൊപ്പം എത്തിയതിന് ശേഷം വിരാട് പറഞ്ഞ വാക്കുകൾ മനോഹരമായിരുന്നു. ഞാൻ എന്റെ ഹീറോയെ അനുകരിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് കോലി പറഞ്ഞത്. ക്രിക്കറ്റിനകത്തും പുറത്തും കോലി മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും ബ്രെറ്റ് ലീ പറഞ്ഞു.